നോട്ട് വിഷയത്തിൽ ഇരുസഭകളും സ്തംഭിച്ചു

12:37 pm 18/11/2016
download
ന്യൂഡൽഹി: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചത്. വിഷയം ചർച്ച ചെയ്യണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. തുടർന്നുണ്ടായ ബഹളത്തെ തുടർന്ന് സ്പീക്കർ സഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവെക്കുകയായിരുന്നു.

പാർലമെന്‍റ് സെഷൻ ആരംഭിച്ച് മൂന്നാം ദിവസവും സ്തംഭിച്ചതിന്‍റെ ഉത്തരവാദിത്തം ആരോപിച്ചു പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. നോട്ട് നിരോധനം പുനപരിശോധിക്കണമെന്നും പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ, ഉറിയിലെ സൈനികർക്ക് നേരെ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാപ്പു പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. രൂക്ഷമായ വാഗ്യാദങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു.