മാധവന്‍. ബി. നായര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍

12:40 pm 18/11/2016

ജോയിച്ചന്‍ പുതുക്കുളം
madavannair_pic
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ 2018 നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി മാധവന്‍ ബി നായരെ (ന്യൂജേഴ്‌സി) തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നടന്ന ഫൊക്കാനയുടെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം.

തിരുവന്തപുരത്തെ സാംസ്കാരിക രംഗത്തുനിന്ന് അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക രംഗത്തേക്ക് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ വ്യക്തിയാണ് മാധവന്‍ നായര്‍ .ഫൊക്കാനയുടെ പ്രവര്‍ത്തകനായതിനു ശേഷം ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം ഈ പദവിയില്‍ എത്തുന്നത് .ഫൊക്കാനയുടെ 2016 -18 കാലയളവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതിനിധീകരിച്ച നാമം സംഘടനയെ ചൊല്ലി അനാവശ്യമായി വിവാദം ഉണ്ടായ സാഹചര്യത്തില്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു.

ഫൊക്കാനയ്ക്കു 2006 ല്‍ ഉണ്ടായ പിളര്‍പ്പുപോലെ ഒരു പിളര്‍പ്പുകൂടി ഉണ്ടായാല്‍ സംഘടയ്ക്കു തന്നെ ദോഷമായി മാറും എന്നതിനാലാണ് അദ്ദേഹം മത്സരത്തില്‍ നിന്നും പിന്‍മാറിയത് . ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കുകവഴി അര്‍ഹിക്കുന്ന അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ഫൊക്കാനയുടെ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കണ്‍വന്‍ഷന്‍ നടത്തുവാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. അതിന്റെ മുന്നോടിയായി ചാരിറ്റി, മലയാള ഭാഷാ വികസനം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കി 2017 ജനുവരിയില്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ നടത്തും. തിരുവനതപുരം, കൊച്ചി, തിരുവല്ല എന്നെ സ്ഥലങ്ങളാണ് ഇപ്പോള്‍ മനസില്‍ ഉള്ളത് . തീയതിയും സ്ഥലവും ഉടന്‍ തീരുമാനിക്കും.

അമേരിക്കയുടെ മലയാളി സംഘടനാ ചരിത്രത്തില്‍ എഴുതപ്പെടേണ്ട പേരാണ് മാധവന്‍ നായരുടേത്. ഒരു അടുക്കും ചിട്ടയും സംഘടനകള്‍ക്ക് വേണമെന്ന് വാദിക്കുന്ന മാധവന്‍ നായര്‍ ജീവ കാരുണ്യ രംഗത്തും, സാമൂഹ്യ രംഗത്തും അറിയയപ്പെടുന്ന വ്യക്തിത്വം ആണ് .കേരളത്തില്‍ റോട്ടറി ഇന്റര്‍നാഷണലില്‍ പ്രവര്‍ത്തിച്ച സംഘടനാ പാരമ്പര്യവുമായാണ് അദ്ദേഹം അമേരിക്കയില്‍ എത്തുന്നത്. പ്രവര്‍ത്തനത്തിലെ കൃത്യതയാണ് അദ്ദേഹത്തെ മറ്റു സംഘടനാ നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാധവന്‍ ബി നായര്‍ പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജുമെന്റില്‍ ബിരുദവും, പെന്‍സല്‍വാനിയ അമേരിക്കന്‍ കോളേജില്‍ നിന്ന് ഫിനാന്‍സില്‍ ബിരുദവും നേടിയ ശേഷം, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍റ് ആയി പ്രവര്‍ത്തിക്കുന്നു .2005 ല്‍ ന്യൂജേഴ്‌സി ആസ്ഥാനമായി എം.ബി.എന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം ആരംഭിച്ചു. ഇപ്പോള്‍ ഈ സ്ഥാപനം അമേരിക്കയിലെ അറിയപ്പെടുന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ്. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റ്, നാമം എന്ന സാംസ്കാരിക സംഘടനയുടെ സ്ഥാപകന്‍, നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാന്‍ ,മുപ്പതു വര്‍ഷമായി റോട്ടറി ഇന്റര്‍ നാഷണല്‍ മെമ്പര്‍ .വൂഡ്ബ്രിഡ്ജ് പെര്‍ത് അംബോയ് റോട്ടറി ക്‌ളബ് പ്രസിഡന്റ് (2013- 2014) തുടങ്ങിയ നിലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഭാര്യ. ഗീതാ നായര്‍, മക്കള്‍ ഭാസ്കര്‍ നായര്‍, ജാനു നായര്‍ എന്നിവരോടൊപ്പം ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു.