ന്യൂജേഴ്‌സി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

07:39 pm 5/11/2016

– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_34541519
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവര്‍ത്തകനും, അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. വിശുദ്ധ യൂദാ ശ്ലീഹായുടെ ഒമ്പത് ദിവസം നീണ്ടു നിന്ന നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്‌ടോബര്‍ 21 ന് ആരംഭിച്ച് ഒക്‌ടോബര്‍ 30 ന് ഞായറാഴ്ച രാവിലെ നടന്ന പ്രധാന തിരുനാളോടെ സമാപിച്ചു.

ഇടവക സമൂഹത്തോടൊപ്പം ന്യൂ ജേഴ്‌സി, ന്യൂ യോര്‍ക്ക് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും, തിരുശേഷിപ്പ് വണങ്ങുന്നതിനും, അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനുമായി എത്തിച്ചേരുകയുണ്ടായി.

വിശുദ്ധന്റെ പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 30 ന് ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 11ന് ആഘോഷമായ ദിവ്യബലിയോടെ ആരംഭിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കു ക്‌നാനായ സീറോ മലബാര്‍ കാത്തോലിക് മിഷന്‍ വികാരി ഫാ.റെന്നി കട്ടേല്‍ (ന്യൂയോര്‍ക്ക്,ന്യൂജേഴ്‌സി ഈസ്‌റ്റേണ്‍ റീജിയന്‍ ഡയറക്ടര്‍) മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. തോമസ് കടുകപ്പിളളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മ്മികരായി.

ദിവ്യബലി മധ്യേ ബഹുമാനപ്പെട്ട ഫാ.റെന്നി കട്ടേല്‍ വിശുദ്ധന്റെ തിരുനാള്‍ സന്ദേശം നല്‍കി.വിശുദ്ധ മത്തായി (16:1319) വചന ഭാഗം പങ്ക്‌വെച്ചു സംസാരിച്ചു. ദിവ്യബലിക്കു ശേഷം ആഘോഷമായ ലതീഞ്ഞും, അതിനിശേഷം തിരിശേഷിപ്പ് വണക്കവും നടന്നു. എല്ലവര്‍ക്കും തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്ന് തിരുനാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച എല്ലാവര്‍ക്കും തിരുനാള്‍ നേര്‍ച്ചയും നല്‍കി.

ഇടവകയിലെ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി. പതിനൊന്നില്‍പ്പരം കുടുംബങ്ങള്‍ ഒത്തു ചേര്‍ന്നാണ് ഈ വര്‍ഷത്തെ വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ കൊണ്ടാടിയത്. ഇടദിവസങ്ങളില്‍ നടന്ന നൊവേനയിലും പ്രാര്‍ത്ഥനാ ചടങ്ങുകളിലും നൂറിലധികം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.

വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദരപൂര്‍വ്വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ കുടുംബാംഗംങ്ങള്‍ക്കും, ഇടവക സമൂഹത്തിനും, മത്തു തീര്‍ഥാടകര്‍ക്കും, തിരുനാളിനു നേതൃത്വം വഹിച്ചവര്‍ക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും നന്ദി അറിയിച്ചു.

ടോം പെരുമ്പായില്‍ (ട്രസ്റ്റി) 6463263708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 9089061709, മിനേഷ് ജോസഫ് (ട്രസ്റ്റി) 2019789828, മേരിദാസന്‍ തോമസ് (ട്രസ്റ്റി) 2019126451, ജോസ് അലക്‌സ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 7328575055, ജെയിംസ് പുതുമന (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 7322164783.

വെബ് :www.Stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.