പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

08:30 am 17/9/2016

– പി. പി. ചെറിയാന്‍
Newsimg1_37631675
ഒഹായൊ: കവര്‍ച്ച ശ്രമത്തെക്കുറിച്ച് അറിവ് ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസിനു നേരെ തോക്ക് ചൂണ്ടിയ പതിമൂന്ന് വയസുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബര്‍ 15ന് അധികൃതര്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. കൊളമ്പസ് ഡൗണ്‍ ടൗണില്‍ ബുധനാഴ്ച രാത്രിയോടെ കവര്‍ച്ച നടത്താന്‍ മൂന്ന് യുവാക്കള്‍ ശ്രമിക്കുന്നതായി സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പോലീസിനെ അറിയിച്ചു.

പോലീസിനെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടുന്നതിനു ശ്രമിച്ചു. രണ്ടു പേരെ പോലീസ് ഓടിച്ചിട്ടു പിടിച്ചുവെങ്കിലും മൂന്നാമന്‍ അറയില്‍ നിന്നും തോക്കെടുത്തു പോലീസിനു നേരെ ചൂണ്ടി. ഉടനെ പോലീസ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തു.

പതിമൂന്നുകാരനായ ടയറി കിങ്ങിനാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. യഥാര്‍ത്ഥ തോക്കാണെന്ന് കരുതിയാണ് പോലീസ് വെടിവെച്ചതെങ്കിലും ബിബി ഗണായിരുന്നു എന്ന് പിന്നീട് പോലീസ് സ്ഥിരികരിച്ചു. ഒമ്പതു വര്‍ഷമായി പോലീസില്‍ സേവനം അനുഷ്ഠിക്കുന്ന ബ്രയാന്‍ മേസനാണ് വെടിവെച്ചതെന്നും ഇദ്ദേഹം 2012 ല്‍ മറ്റൊരു പ്രതിയെ സ്വയരക്ഷാര്‍ത്ഥം വെടി വെച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.

സംഭവം പോലീസിന് റിപ്പോര്‍ട്ട് ചെയ്ത വ്യക്തി ഓടി പോകുന്നയാള്‍ കൗമാരക്കാരനാണെന്നും ഒരു പക്ഷേ യഥാര്‍ത്ഥ തോക്കായിരിക്കില്ല എന്നും പറഞ്ഞിരുന്നത് വെടിവെച്ച പോലീസ് അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു.