പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

02:05 pm 01/6/2017

കണ്ണൂർ: കണ്ണൂരിൽ പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വളർത്തു മൃഗങ്ങൾക്കെതിരെയുള്ള പരസ്യമായ ക്രൂരത തടയൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. മാടിനെ അറുക്കാൻ ഉപയോഗിച്ച മിനി വാൻ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തേ, സംഭവവുമായി ബന്ധപ്പെട്ട് റിജിൽ മാക്കുറ്റിയടക്കം മൂന്നു പേരെ യൂത്ത് കോണ്‍ഗ്രസിൽനിന്നു പുറത്താക്കിയിരുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിൽ പ്രതിഷേധിച്ച് കണ്ണൂർ തായത്തെരു ടൗണിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കശാപ്പ് സമരം നടന്നത്.

ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ, സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ കശാപ്പ് ചെയ്യുകയായിരുന്നു. പരസ്യമായി മാടിനെ അറുത്തശേഷം മാംസം വിതരണം ചെയ്യുകയും ചെയ്തു.