പാട്രിക് മിഷന്‍ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി

12.55 AM 08-08-2016
7c0f6dfc-1646-455b-85f1-29c3275c05ffപി. പി. ചെറിയാന്‍

ഒക്കലഹോമ : നോര്‍ത്ത് അമേരിക്കയൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് നീണ്ട മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം യഥാര്‍ത്ഥ്യമാകുന്നു. പാട്രിക് ചെറിയാന്‍ മരുതുംമൂട്ടിലിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ ഗ്രൗഡ് ബ്രേക്കിങ്ങ് സെറിമണി ഓഗസ്റ്റ് 13ന് ശനിയാഴ്ച ഒക്കലഹോമയില്‍ വെച്ചു ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് നിര്‍വ്വഹിയ്ക്കും.

ഭദ്രാസന മിഷന്‍ ഒക്കലഹോമയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹപ്രവര്‍ത്തകരുമൊത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായ അപകടത്തില്‍പ്പെട്ടു 2013 ജൂണ്‍ 4ന് മരണത്തിന് കീഴടങ്ങുമ്പോള്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ സഭാ വ്യത്യാസമെന്യേ യുവാക്കളുടെ ആത്മീയ ജീവിതത്തിനു ഉത്തമ മാതൃകയായിരുന്ന പാട്രിക്കിന്റെ ജീവിതത്തിന് തിരശീല വീഴുകയായിരുന്നു.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ജൂബിലി സമ്മേളനത്തിന്റെ സമാപന ദിനം ഭദ്രാസന എപ്പിസ്‌കോപ്പാ പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റിന് ആദ്യ സംഭാവന നല്‍കിയത് മാര്‍ത്തോമ മെത്രാപ്പോലീത്തായായിരുന്നു. 7 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു പോയ ഭദ്രാസന എപ്പിസ്‌കോപ്പായായിരുന്നു പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്നതുകൊണ്ട് ഫലപ്രാപ്തിയിലെത്തിയില്ല. പുതിയ ഭദ്രാസന എപ്പിസ്‌കോപ്പാ ചുമതലയേറ്റപ്പോള്‍ പാട്രിക് മിഷന്‍ പ്രോജക്റ്റിന് നല്‍കിയ മുന്‍ഗണനയാണ് ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുന്നത്.

മാര്‍ത്തോമ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ സഭാംഗത്തിന്റെ സ്മരണയ്ക്കായി ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സഭ­ യുവാക്കളെ എത്രമാത്രം കരുതുന്നു എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണിത്. ഡാലസ് സെന്റ് പോള്‍സ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ആരംഭിച്ച പ്രേക്ഷിത വൃത്തി ഭദ്രാസനത്തിലാകമാനം ചലനം സൃഷ്ടിക്കുവാന്‍ സാധിച്ചു എന്നതാണ് പാട്രിക്കിന്റെ ജീവിത വിജയം.

അമേരിക്കയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഭൗതിക നേട്ടങ്ങളുടെ പുറകെ സഞ്ചരിക്കാതെ ആത്മീയ രംഗത്ത് സജീവമാകുന്നതിനായിരുന്നു പാട്രിക് തീരുമാനിച്ചത്. മറ്റുളളവരെ സ്‌നേഹിക്കുന്നതിനും കരുതുന്നതിനും പാട്രിക് പ്രകടിപ്പിച്ച ആത്മാര്‍ത്ഥ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. യൗവന പ്രായത്തില്‍ മരണം പാട്രിക്കിനെ തട്ടിയെടുത്തുവെങ്കിലും ഒരു പുരുഷായുസില്‍ ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു എന്നതു ശ്രദ്ധേയമാണ്.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് ആര്‍എസി കമ്മറ്റിയാണ് പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭദ്രാസന കൗണ്‍സിലും സഭാ സിനഡും ആര്‍എസിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഒക്കലഹോമ ബ്രോക്കന്‍ ബൊ മെഗ്ഗി ചാപ്പല്‍ സ്ഥിതി ചെയ്യുന്ന പരിസരത്താണ് ലൈബ്രററി കെട്ടിടം നിര്‍മ്മിക്കുന്നത്. 215,000 ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്നു. ഭദ്രാസനത്തില്‍പ്പെട്ട ഇടവകാംഗങ്ങളില്‍ നിന്നാണ് ആവശ്യമായ തുക സമാഹരിക്കുന്നതെന്ന് ഭദ്രാസന ട്രസ്റ്റി ഫിലിപ്പ് തോമസ് പറഞ്ഞു. പാട്രിക് മിഷന്‍ പ്രോജക്റ്റിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ പല ആശയങ്ങളും ഉയര്‍ന്നുവന്നെങ്കിലും ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുക എന്നതിനാണ് അംഗീകാരം ലഭിച്ചത്.

ഓഗസ്റ്റ് 13ന് നടക്കുന്ന ഗ്രൗണ്ട് ബ്രേകിങ്ങ് സെറിമണിയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ആര്‍എസി വൈസ് പ്രസിഡന്റും സെന്റ് പോള്‍സ് ഇടവക വികാരിയുമായ റവ. ഷൈജു പി. ജോണ്‍ അറിയിച്ചു.