പാരലിമ്പിക്സില്‍ ദീപ മാലിക്കിന് വെള്ളി; ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാതാരം

11:30 am 13/9/2016
images (1)
റിയോ ഡി ജനീറോ: പാരലിമ്പിക്സില്‍ ഇന്തയക്ക് വീണ്ടും മെഡല്‍ നേട്ടം. ഇന്ത്യന്‍ താരം ദീപ മാലിക് വനിത ഷോട്ട്പുട്ടില്‍ വെള്ളി നേടി. ഇതോടെ പാരലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ചരിത്രം ദീപ മാലിക് സ്വന്തമാക്കി.
എഫ്- 53 വിഭാഗത്തില്‍ ആറു ശ്രമങ്ങളിലായി 4.61 മീറ്റര്‍ ദൂരം കണ്ടത്തെിയാണ് ദീപ നേട്ടം കൊയ്തത്. ദീപ മാലിക്കിന്‍റെ വിജയത്തോടെ മൂന്നാം മെഡലാണ് റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ബഹ്റിന്‍ താരം ഫത്തേമ നെദാമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 4.76 മീറ്റര്‍ ദൂരമാണ് ഫത്തേമ നെദാം താണ്ടിയത്. ഗ്രീസിന്‍റെ ദിമിത്ര കൊറികിഡ (4.28 മീറ്റര്‍) ദൂരം രേഖപ്പെടുത്തി വെങ്കലം നേടി.
ദീപയുടെ ചരിത്ര വിജയത്തോടെ പാരലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി ഉയര്‍ന്നു. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണവും വരുണ്‍ ഭാട്ടിയ വെങ്കലവും നേടിയിരുന്നു.

അര്‍ജുന അവാര്‍ഡ് ജേതാവായ ദീപ ഹരിയാന സ്വദേശിയാണ്. അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ദീപ വീല്‍ച്ചയെറിലിരുന്നാണ് മത്സരിച്ചത്.
ഷോട്ട്പുട്ടിന് പുറമേ ജാവലിന്‍ ത്രോയിലും മോട്ടോര്‍ സ്പോര്‍ട്സിലും നീന്തലിലും നിരവധി നേട്ടങ്ങളും 45-കാരിയായ ദീപ സ്വന്തമാക്കിയിട്ടുണ്ട്.

17 വര്‍ഷം മുമ്പ് സ്പൈനല്‍ കോഡിന് ട്യൂമര്‍ ബാധിച്ചതോടെയാണ് അരക്ക് താഴെയുള്ള സ്വാധീനശേഷി നഷ്ടപ്പെടുന്നത്. രോഗത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി 31 ശസ്ത്രക്രിയകള്‍ക്ക് വിധേയയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ദീപ മാലിക് രാഷ്ട്രപതിയുടെ റോള്‍ മോഡല്‍ പുരസ്കാരം, മഹാരാഷ്ട്ര സര്‍ക്കാറിന്‍്റെ ഛത്രപതി അവാര്‍ഡ്, ഹരിയാണ കര്‍മഭൂമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. റിട്ട. കേണല്‍ ബിക്രംസിങ്ങാണ് ഭര്‍ത്താവ്.