പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം

12:2pm 18/07/2016
download (1)
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) ഉള്‍പ്പെടെ സുപ്രധാന നിയമങ്ങള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. നിയമ നിര്‍മാണം തടസ്സപ്പെടുത്താന്‍ ഉദ്ദേശ്യമില്ളെന്നും ഓരോ ബില്ലും അര്‍ഹത നോക്കി പിന്തുണക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ജി.എസ്.ടിപോലുള്ള നിയമങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാത്രം ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതല്ളെന്നും എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചചെയ്യണമെന്നും സി.പി.എം നേതാവ് സീതാറം യെച്ചൂരി പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട് പാര്‍ലമെന്‍റ് സമ്മേളനം പൊതുവില്‍ ശാന്തമായിരിക്കില്ളെന്ന സൂചനയാണ് നല്‍കുന്നത്. ആഗസ്റ്റ് 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ ജി.എസ്.ടി ബില്‍ പാസാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍െറ പിന്തുണയില്ലാതെ ബില്‍ പാര്‍ലമെന്‍റ് കടക്കില്ല. കോണ്‍ഗ്രസുമായി സമവായത്തിന് ആദ്യവട്ട ചര്‍ച്ച നടന്നെങ്കിലും ഒത്തുതീര്‍പ്പ് ആയിട്ടില്ല. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ രണ്ടാംവട്ട ചര്‍ച്ചകള്‍ നടക്കും. പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി നേരിട്ട് അഭ്യര്‍ഥിച്ചിട്ടും അതുസംബന്ധിച്ച് ഉറപ്പുനല്‍കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ മഞ്ഞുരുകിയിട്ടില്ളെന്നതിന്‍െറ സൂചനയായാണ് അത് വിലയിരുത്തപ്പെടുന്നത്. അതേസമയം, അരുണാചല്‍, ഉത്തരാഖണ്ഡ് വിഷയങ്ങളില്‍ കേന്ദ്രത്തിന്‍െറ ജനാധിപത്യ വിരുദ്ധ നീക്കങ്ങളില്‍ കോണ്‍ഗ്രസ് സഭയില്‍ ശക്തമായി രംഗത്തുവരും. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ദ്കുമാര്‍ പറഞ്ഞു.
കശ്മീരിലെ സംഘര്‍ഷം, എന്‍.എസ്.ജി അംഗത്വം നേടാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലും മോദി സര്‍ക്കാറിന് പിഴച്ചെന്ന് വിലയിരുത്തുന്ന പ്രതിപക്ഷം ഇക്കാര്യം സഭയില്‍ ഉന്നയിക്കും. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കു മുകളില്‍ രാജ്യതാല്‍പര്യത്തിനുവേണ്ടി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി.എസ്.ടി പാസാക്കാന്‍ എല്ലാവരും സഹകരിക്കണം. അതിന്‍െറ പേരും പെരുമയും ഏതു സര്‍ക്കാറിന് വേണമെങ്കിലും നല്‍കാം. ജനതാല്‍പര്യത്തിനും രാജ്യത്തിന്‍െറ പുരോഗതിക്കും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി പറഞ്ഞു.