പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്.

04:34 am 7/11/2016
images (3)

ന്യൂഡല്‍ഹി: പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ സംബന്ധിച്ച് അപേക്ഷകരുടെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് വനിതകള്‍ ഉന്നയിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. ആഗോളതലത്തില്‍ തുടരുന്ന സമ്പ്രദായം രാജ്യത്തും തുടരണമെന്നാണ് സമിതി പ്രധാനമായും ശിപാര്‍ശചെയ്തത്.

വിദേശയാത്രക്കും അവിടെ തങ്ങാനും ആവശ്യമില്ലാത്ത വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കുന്നുണ്ട്. വികസിതരാജ്യങ്ങളുടെ പാസ്പോര്‍ട്ടില്‍ ഒരു വ്യക്തിയുടെ രക്ഷിതാവ്, പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ് എന്നിവരുടെ പേര് ചേര്‍ക്കാറില്ല. ഇത്തരം വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍തന്നെ അത് പാസ്പോര്‍ട്ടിന്‍െറ നിശ്ചിത പേജില്‍ ചേര്‍ക്കേണ്ടതില്ല.

വിവരങ്ങള്‍ ആവശ്യപ്പെട്ട് പാസ്പോര്‍ട്ട് ഓഫിസുകളുടെ ഭാഗത്തുനിന്നുള്ള പീഡനങ്ങളെക്കുറിച്ച് വനിത അപേക്ഷകരാണ് കൂടുതല്‍ പരാതി ഉന്നയിച്ചത്.
1967ലെ പാസ്പോര്‍ട്ട് ആക്ട്, 1980ലെ പാസ്പോര്‍ട്ട് റൂള്‍സ് എന്നിവ അവലോകനം ചെയ്യാനും പരാതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പാസ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയാണ് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

വിദേശയാത്രക്കും അവിടെ ജോലിചെയ്യാനും മറ്റും പാസ്പോര്‍ട്ടിലെ രണ്ടാം പേജില്‍ ചേര്‍ക്കുന്ന പേര്, സ്ത്രീ, പുരുഷന്‍, പൗരത്വം, ജനനതീയതി എന്നീ വിവരങ്ങള്‍ മതിയാവും. അവിവാഹിതയാണോ വിവാഹമോചിതയാണോ തുടങ്ങിയ ചോദ്യങ്ങള്‍ പാസ്പോര്‍ട്ട് അപേക്ഷയിലുണ്ട്.
മൂന്നു മാസം മുമ്പ്, കേന്ദ്രമന്ത്രി മേനക ഗാന്ധി വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന് എഴുതിയ കത്തിനെ തുര്‍ന്നാണ് ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചത്. ഓണ്‍ലൈന്‍ കാമ്പയിന്‍ നടത്തിയ പ്രിയങ്ക ഗുപ്തയുടെ പരാതി പരിഗണിച്ചായിരുന്നു മേനകയുടെ ഇടപെടല്‍.