ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന മമതയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്

04:37 am 7/11/2016
images (4)

കൊല്‍ക്കത്ത: ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍െറ പ്രസ്താവനയെ പിന്തുണച്ച് രംഗത്തത്തെിയത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മമത ബി.ജെ.പി സര്‍ക്കാറിനെതിരെ യോജിച്ച നീക്കത്തിന് ആഹ്വാനംചെയ്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ടാക്കുമെന്നും മമത സൂചന നല്‍കിയിരുന്നു. നമുക്ക് ഒരുമിച്ച് പോരാടാം.

നമ്മള്‍ ഒറ്റക്കൊറ്റക്കാണ് ഇപ്പോള്‍ പോരാടുന്നത്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് പലതും രാജ്യത്തിന്‍െറ ഫെഡറലിസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് -അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭോപാലില്‍ സിമി പ്രവര്‍ത്തകര്‍ പൊലീസുകാരാല്‍ കൊല്ലപ്പെട്ടത്, രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടെ അറസ്റ്റ്, എന്‍.ഡി.ടി.വിക്കെതിരായ നടപടി തുടങ്ങിയ വിഷയങ്ങള്‍ അടിയന്തരാവസ്ഥക്ക് സമാനമാണെന്നും മമത പറഞ്ഞു. മമതയുമായി യോജിക്കുന്നതിന് പാര്‍ട്ടിക്ക് തടസ്സങ്ങളില്ളെന്ന് എ.ഐ.സി.സിയിലെ മുതിര്‍ന്ന അംഗം വെളിപ്പെടുത്തി. എന്നാല്‍, അന്തിമ തീരുമാനം ഹൈകമാന്‍ഡിന്‍േറതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മമതയുടെ നേതൃത്വത്തില്‍ മതേതര മുന്നണി രൂപപ്പെടുകയാണെങ്കില്‍ പിന്തുണക്കുമെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗിയും വ്യക്തമാക്കി. മമത ബാനര്‍ജി പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും എല്ലാ പിന്തുണയും നല്‍കുന്നതായും സമാജ്വാദി പാര്‍ട്ടി സെക്രട്ടറി അമര്‍ സിങ്ങും പ്രതികരിച്ചു. അരവിന്ദ് കെജ്രിവാളും ദീദി(മമത)യും തമ്മില്‍ നല്ല ബന്ധമാണ് നിലവിലുള്ളതെന്നും മുന്നണി സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ആം ആദ്മി വക്താവും വ്യക്തമാക്കി.