പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് കോടിയേരി

04;07 pm 8/10/2016

download (2)
ദുബൈ: പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ വിവാദ നിയമനങ്ങളും പാര്‍ട്ടി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് പശ്ചാത്തലത്തിലാണ് നിയമനം നടത്തിയെന്നതും ആരാണ് നടത്തിയെന്നതും 14ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

തെറ്റ് തിരുത്താനുള്ള ആദ്യ സര്‍ക്കാര്‍ നടപടിയെന്ന നിലയില്‍ നിയമനങ്ങളിലൊന്ന് റദ്ദാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ ആക്ഷേപം ഉന്നയിച്ചില്ലെങ്കില്‍ പോലും ചില കാര്യങ്ങള്‍ പാര്‍ട്ടി പരിശോധനക്ക് വിധേയമാക്കാറുണ്ട്. അത്തരത്തിലുള്ള പരിശോധന ഈ വിഷയത്തിലും നടത്തുമെന്ന് കോടിയേരി പറഞ്ഞു.

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് സംബന്ധിച്ച് ഓരോ മന്ത്രിമാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. അതില്‍ നിന്ന് വ്യതിചലനമുണ്ടായാല്‍ നടപടികള്‍ സ്വീകരിക്കും. ബന്ധു നിയമനത്തില്‍ അഴിമതിയുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. ഈ സംവിധാനങ്ങളെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും ചെയര്‍മാന്‍മാരെ നിയമിക്കുന്നതില്‍ മാത്രമേ പാര്‍ട്ടിയും സര്‍ക്കാറും നേരിട്ട് ഇടപെടാറുള്ളൂ. മറ്റ് നിയമനങ്ങള്‍ നടത്തുന്നത് അതാത് വകുപ്പുകളാണ്. മന്ത്രി ബന്ധുവിനെ അനര്‍ഹമായ സ്ഥാനത്ത് നിയമിക്കുന്നതിലേ പ്രശ്നമുള്ളൂ. പാര്‍ട്ടി അനുഭാവിയാണെന്നതിന്‍റെ പേരില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്നും കോടിയേരി വ്യക്തമാക്കി.

വ്യവസായ വകുപ്പിൽ മന്ത്രി ഇ.പി ജയരാജന്‍റെ ബന്ധുക്കലെ തിരുകിക്കയറ്റാനുള്ള ശ്രമം വിവാദമായതിനെ തുടർന്നാണ് തീരുമാനം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പി.കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്നല്ല, കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീര്‍ നമ്പ്യാരെ ഒഴിവാക്കിയിരുന്നുവെന്നും വ്യവസായ വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇതുകൂടാതെ ഇ.പി. ജയരാജന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനുമാണ് വ്യവസായ വകുപ്പില്‍ ജോലി നല്‍കിയത്. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നതും. ഇത് കൂടാതെ ജയരാജന്റെ സഹോദരന്‍ റിട്ട. എസ്.ഐ: ഇ.പി. ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് അടിസ്ഥാനം.