പൊതുവേദിയില്‍ മന്ത്രി അശ്ലീലം കാണുന്നത് പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്

09:47 pm 13/11/2016

Newsimg1_20189150

ബംഗളുരൂ: കര്‍ണാടകയില്‍ ഔദ്യോഗിക ചടങ്ങിനിടെ മന്ത്രി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനുമെതിരെയാണ് പോലീസ് കേസെടുത്തത്. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍സേട്ടിന്റെ പരാതിയിലാണ് നടപടി. ഐപിസി 504 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കര്‍ണാടക റായ്ച്ചൂരില്‍ നടന്ന ടിപ്പുജയന്തി ആഘോഷത്തിനിടെ മന്ത്രി അശ്ലീല വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച യാണ് പ്രാദേശിക ചാനല്‍ പുറത്തുവിട്ടത്. ചടങ്ങിനിടെ മന്ത്രിയുടെ ഫോണ്‍ വാര്‍ത്ത ചാനല്‍ ക്യാമറാമാന്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യം വ്യക്തമല്ലെങ്കിലും മന്ത്രി കാണുന്നത് അശ്ലീലചിത്രമാണെന്നായിരുന്നു ചാനല്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അറിഞ്ഞുകൊണ്ട് അത്തരമൊരു പ്രവൃത്തി ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. താന്‍ അറിഞ്ഞുകൊണ്ടല്ല അശ്ലീല ചിത്രം തുറന്നത്. വാട്‌സ്ആപ്പില്‍ വന്ന ചിത്രം തുറന്നപ്പോഴാണ് അത് അശ്ലീല ചിത്രമാണെന്ന് മനസിലായതെന്നും മന്ത്രി പറഞ്ഞു. നേരത്തേ ചാനലിന്റെ അവകാശവാദത്തെ മന്ത്രി തള്ളിയിരുന്നു. അശ്ലീലചിത്രം കണ്ടിട്ടില്ലെന്നും മറ്റുജില്ലകളില്‍നടന്ന ടിപ്പുജയന്തി ആഘോഷത്തിന്റെ ചിത്രം കാണുന്നതാണ് തെറ്റായതരത്തില്‍ പ്രചരിപ്പിച്ചതെന്നുമാണ് തന്‍വീര്‍സേട്ട് ആദ്യം പറഞ്ഞിരുന്നത്. കര്‍ണാടകയില്‍ ബിജെപി ഭരണകാലത്ത് 2012ല്‍ നിയമസഭാസമ്മേളനത്തിനിടെ രണ്ടു മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ അശ്ലീലം കാണ്ടത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇവര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.