പോലീസ് ഓഫീസറുടെ മകന്‍ കാറില്‍ മരിച്ച നിലയില്‍

12.41 AM 12-06-2016
hotcar
പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഓഫീസറുടെ 4 മാസം പ്രായമുള്ള മകനെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗീക വാഹനത്തില്‍ മരിച്ചനിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയതായി അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക് പോലീസ് അധികൃതര്‍ അറിയിച്ചു.
വെസ്‌റ്റേണ്‍ ഹോം ഫാമിലിക്കു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ നാലുമാസമുള്ള കുട്ടി അബോധാവസ്ഥയിലാണെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തു കുതിച്ചെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തുവര്‍ഷമായി റോം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിച്ചു വരുന്ന മാര്‍ക്ക് ഫാന്‍ഫറില്ലൊ എന്ന ഓഫീസറുടെ മകനാണ് മരിച്ച കുട്ടി.
കാറില്‍ എത്രനേരം കുട്ടി കഴിഞ്ഞു എന്ന് അന്വേഷിച്ചുവരുന്നു. കുട്ടിയുടെ മരണം സൂര്യതാപമേറ്റിട്ടാണോ, അതോ മറ്റു കാരണങ്ങള്‍ കൊണ്ടാണോ എന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവം റിപ്പോര്‍്ടട് ചെയ്യുമ്പോള്‍ പുറത്തെ താപനില 80 ഡിഗ്രിയായിരുന്നു. കുട്ടിയുടെ പിതാവു മാര്‍ക്കിനെ അഡ്മിനിസ്്‌ട്രേഷന്‍ ലീവില്‍ പ്രവേശിപ്പിച്ചതായി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്‌റ് ചീഫ് ഡെപ്യൂട്ടി ജോണ്‍ ഓവന്‍സ് അറിയിച്ചു.
അമേരിക്കയില്‍ പ്രതിവര്‍ഷം 37 കുട്ടികളിലധികം മാതാപിതാക്കളുടെ അശ്രദ്ധമൂലം സൂര്യതാപമേറ്റു വാഹനങ്ങളിലിരുന്ന് മരിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. വേനല്‍ അവധിക്ക് വിദ്യാലയങ്ങള്‍ അടയ്ക്കുന്ന സമയമായതിനാല്‍ കുട്ടികളെ വാഹനങ്ങള്‍ ഇരുത്തി മാതാപിതാക്കള്‍ പുറത്തുപോകുന്നതു അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.