പ്രണയബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റു മരിച്ചു.

07:11 pm 28/2/2017
download
ബംഗളുരു: പ്രണയബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റു മരിച്ചു. ബംഗളുരുവിലെ യെലഹങ്കയിലാണ് 15 വയസുകാരൻ ഹർഷ രാജ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് യെലഹങ്ക പോലീസ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെ സ്കൂൾ കാന്പസിനു പുറത്തായിരുന്നു സംഭവം.

നെഞ്ചിൽ കുത്തേറ്റ ഹർഷ രാജിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സമീപത്തെ കോളജിലെ ഒരു പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയബന്ധമാണ് കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹർഷയുടെ സഹപാഠികളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു.

പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഹർഷയും സുഹൃത്തുക്കളും സമീപത്തെ കോളജിലെ കുട്ടികളുമായി ഏറ്റുമുട്ടിയിരുന്നു. ഇതിനിടയിലാണ് ഹർഷയ്ക്കു കുത്തേറ്റതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.