പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും

09:57am 4/4/2016

pravasi
റിയാദ്: പ്രവാസികളുടെ തൊഴില്‍സുരക്ഷക്ക് സഹകരണം വാഗ്ദാനം ചെയ്യുന്നതടക്കം ഇന്ത്യയും സൗദിയും തമ്മില്‍ അഞ്ചു ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്ന് പൊതുവിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ സഹകരണക്കരാര്‍ ഒപ്പുവെച്ചതാണ് ഏറ്റവും ശ്രദ്ധേയമായത്. സൗദിയിലത്തെുന്ന തൊഴിലാളികള്‍ വാഗ്ദാനലംഘനങ്ങള്‍ക്കും തൊഴില്‍ പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യം പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴിലാളികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ സൗദി നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ഈ മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പുനല്‍കുന്നതാണ് ധാരണപത്രം.
ഇരു രാജ്യങ്ങളെയും ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ് രണ്ടാമത്തെ ധാരണപത്രം. സാങ്കേതിക സഹകരണം, കരകൗശല നിര്‍മാണമേഖലയെ പോഷിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി, നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപ പ്രോത്സാഹന സഹകരണത്തിന് പ്രത്യേക രൂപരേഖ തയാറാക്കുക എന്നിവയാണ് മറ്റു ധാരണപത്രങ്ങള്‍.
സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റിയാദ് കിങ് സൗദ് അതിഥി കൊട്ടാരത്തില്‍ ജോയന്റ് സെക്രട്ടറി അമര്‍ സിന്‍ഹ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാണിജ്യ, വ്യാപാര, രാഷ്ട്രീയ കൊടുക്കല്‍വാങ്ങലുകള്‍ ശക്തിപ്പെടുത്താനാവശ്യമായ ചര്‍ച്ചകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനാവശ്യമായ സഹകരണം ശക്തിപ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി. മേഖലയെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദ, ഭീകരവാദ പ്രവണതകളെ തുടച്ചുനീക്കാന്‍ യോജിച്ച നടപടികളുണ്ടാവേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഭീകരതക്ക് ഒരു മതവുമായും ബന്ധമില്ല.
എല്ലാവരെയും ബാധിക്കുന്ന വിപത്താണിത്.
മോദിയുടെ ബഹുമാനാര്‍ഥം യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവ് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. സൗദി അറേബ്യയുടെ പരമോന്നത സിവില്‍ ബഹുമതിയായ കിങ് അബ്ദുല്‍ അസീസ് മെഡല്‍ കൈമാറിയാണ് സല്‍മാന്‍ രാജാവ് മോദിയെ യാത്രയാക്കിയത്. രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിയത്.