ഫ്രഞ്ച്‌ ഓപ്പണ്‍: സാനിയ സഖ്യം പുറത്ത്‌

09:01am 31/5/2016
download (5)
പാരീസ്‌: കനത്ത മഴയെത്തുടര്‍ന്ന്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ഇന്നലെ മത്സരങ്ങള്‍ നടന്നില്ല. 16 വര്‍ഷത്തിനു ശേഷമാണ്‌ ഫ്രഞ്ച്‌ ഓപ്പണില്‍ ഒരു ദിവസം മുഴുവനായും കളി മുടങ്ങുന്നത്‌.
ഞായറാഴ്‌ച രാത്രി നടക്കേണ്ടിയിരുന്ന രണ്ട്‌ മത്സരങ്ങള്‍ കൂടാതെ 16 മത്സരങ്ങളാണ്‌ ഇന്നലെ നടക്കേണ്ടിയിരുന്നത്‌. മുടങ്ങിയ മത്സരങ്ങള്‍ ഇന്നത്തേക്കു മാറ്റിയതായി സംഘാടകര്‍ ട്വിറ്ററിലൂടെ അറിയിച്ചു. പുരുഷ സിംഗിള്‍സില്‍ നിലവിലെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്ക, ബ്രിട്ടന്റെ ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറേ എന്നിവരുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഇന്നാണു നടക്കേണ്ടിയിരുന്നത്‌.
ഞായറാഴ്‌ച നടന്ന വനിതാ ഡബിള്‍സ്‌ മൂന്നാംറൗണ്ട്‌ മത്സരത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ്‌ ജോഡി തോറ്റു പുറത്തായിരുന്നു. ചെക്കിന്റെ ബാര്‍ബോറ ക്രെസികോവ- കാതറീന സിനികോവ ജോഡിയാണ്‌ സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-3, 6-2. കഴിഞ്ഞ വര്‍ഷത്തെ വിമ്പിള്‍ഡണ്‍, യു.എസ്‌. ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സാനിയ-ഹിംഗിസ്‌ സഖ്യമാണു നേടിയത്‌. സിംഗിള്‍സ്‌ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്‌ സഹോദരി വീനസ്‌ വില്യംസ്‌ സഖ്യവും ഡബിള്‍സില്‍നിന്നു പുറത്തായി.