ബാംഗ്ലൂരിലെ നഴ്‌സിങ്ങ് സ്‌ക്കൂളിന് ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്റ്

07:23pm 8/4/2016

പി.പി.ചെറിയാന്‍

unnamed (1)
ഡാളസ്: ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി ഹരിംഗ്ടണ്‍ നഴ്‌സിങ്ങ് സ്‌ക്കൂളിന് ഗ്രാന്റായി ലഭിച്ച 652, 800 ഡോളര്‍ ബാംഗ്ലൂരിലുള്ള എഡുക്കേഷന്‍ ആന്റ് റിസെര്‍ച്ച് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങ് എക്‌സലന്‍സിന് നാലു നിലകളുള്ള കെട്ടിടനിര്‍മ്മാണത്തിനായി നല്‍കുമെന്ന ബെയ്‌ലര്‍ സ്‌ക്കോട്ട് ആന്റ് വൈറ്റ് ഹെല്‍ത്ത് പ്രതിനിധികള്‍ അറിയിച്ചു.

നഴ്‌സിങ്ങ് പരിശീലനത്തിനായി 40 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും, മെച്ചപ്പെട്ട നഴ്‌സിങ്ങ് വിദ്യാഭ്യാസവും നല്‍കുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുമെന്ന് ബാഗ്ലൂര്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ സി.ഇ.ഒ. നവീന്‍ തോമസ് പറഞ്ഞു.

ഇതൊടൊപ്പം ആധുനിക യന്ത്ര സാമഗ്രികളും ഫര്‍ണീച്ചറുകളും നല്‍കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍ നാഷ്ണല്‍ ഡവലപ്‌മെന്റ്‌സ് ഓഫീസ് ഓഫ് അമേരിക്കന്‍ സ്‌ക്കൂള്‍സ് ആന്റ് ഹോസ്പിറ്റല്‍സാണ് ഈ ഗ്രാന്റ് അനുവദിച്ചത്.

ഇത്രയും തുക സംഭാവന നല്‍കുക വഴി ബാംഗ്ലൂരിലെ നഴ്‌സിങ്ങ് വിദ്യാഭ്യാസരംഗത്തു ചെറിയ ഒരു ചലനം സൃഷ്ടിക്കുവാന്‍ സാധിച്ചുവെങ്കില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി എന്നാണ് ഫെയ്ത്ത് ഇന്‍ ആക് ഷന്‍ ഇനിഷേറ്റീവ് ഡയറക്ടര്‍ ഡൊണാള്‍ഡ് സ്വല്‍ പറഞ്ഞത്. ബെയ്‌ലര്‍ ഹെല്‍ത്ത് സര്‍വ്വീസ് ചെയ്യുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഒരു ചെറിയൊരു ഭാഗം കൂടിയാണിതെന്ന് സ്വല്‍ കൂട്ടിചേര്‍ത്തു.

ആരോഗ്യസംരക്ഷണ രംഗത്ത് ബെയ്‌ലര്‍ ഹെല്‍ത്ത് സര്‍വ്വീസസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് ബെയ്‌ലറില്‍ സേവനമനുഷ്ഠിക്കുന്നത്.