ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും

8:30 am 30/5/2017

ന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ലക്നോ സിബിഐ കോടതിയിലാണ് കേസിന്‍റെ നടപടികൾ നടക്കുന്നത്. റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലക്നോവിലേക്ക് മാറ്റിയിരുന്നു.

അദ്വാനിക്കു പുറമേ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 13 ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുന്നാണ് കേസ്. എന്നാൽ, കേസിലെ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിങ് വിചാരണ നേരിടില്ല. ഭരണഘടനാ പരിരക്ഷയുളളതിനാലാണിത്. അദ്ദേഹം ഗവർണർ പദവി വിട്ടതിനു ശേഷമായിരിക്കും വിചാരണ നേരിടുക.

അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് വിചാരണ നടത്തി രണ്ടു വർഷത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.