ബാഴ്‌സലോണക്കും റയലിനും ജയം;

10:57am 09/05/2016
download (8)
ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ചാമ്പ്യന്‍ പോരാട്ടത്തിന് ഇനി ക്‌ളാസിക് ഫൈനല്‍. കിരീടം പിടിക്കാനായി മൂന്നുപേര്‍ ഒന്നിച്ച് മത്സരിച്ചപ്പോള്‍ ബാഴ്‌സലോണയും റയലും മുന്നോട്ട്. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ അത്‌ലറ്റികോ മഡ്രിഡ് എലിമിനേഷന്‍ റൗണ്ട് പോലെ തോല്‍വി വഴങ്ങി മൂന്നാം സ്ഥാനത്തേക്കും. ഇനി മേയ് 14ന്റെ അവസാന അങ്കത്തിലെ ഫലം സീസണിലെ ജേതാക്കളെ നിര്‍ണയിക്കും.

സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ എസ്പാന്യോള്‍ വലനിറയെ ഗോളടിച്ചുകൂട്ടിയായിരുന്നു പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബാഴ്‌സലോണയുടെ കുതിപ്പ്. എട്ടാം മിനിറ്റില്‍ മെസ്സിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്കിലൂടെ എസ്പാന്യോള്‍ ഗോള്‍വല കുലുങ്ങിത്തുടങ്ങി. 90 മിനിറ്റിനൊടുവില്‍ ലോങ് വിസില്‍ മുഴങ്ങുമ്പോഴേക്കും അഞ്ചുതവണ വലകുലുങ്ങി. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകള്‍. ലൂയി സുവരാസ് രണ്ടും (52, 61), നെയ്മര്‍ (83), റഫീഞ്ഞ (74) എന്നിവരും ഓരോ ഗോള്‍ വീതവും നേടി.

റയലിനും സ്വന്തം ഗ്രൗണ്ടിലായിരുന്നു ജയം (3-2). വലന്‍സിയയുടെ വെല്ലുവിളി അവസാന മിനിറ്റുവരെ തുടര്‍ന്നപ്പോള്‍ ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്റെ പ്രതീക്ഷകള്‍ മുന്നില്‍നിന്ന് നയിച്ചു. കളിയുടെ 26, 59 മിനിറ്റുകളിലായിരുന്നു പോര്‍ചുഗല്‍ താരം വലകുലുക്കിയത്. 42ാം മിനിറ്റില്‍ കരിം ബെന്‍സേമ മൂന്നാം ഗോളും നേടി. രണ്ടാം പകുതിയില്‍ റോഡ്രിഗോ (55), ആന്ദ്രെ ഗോമസ് (81) എന്നിവരുടെ ഗോളിലൂടെ വലന്‍സിയ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും മാഴ്‌സലോയും റാമോസും കുറ്റിയുറപ്പോടെ പ്രതിരോധം കാത്തത് റയലിന് രക്ഷയായി.
രണ്ടാം സ്ഥാനക്കാരായിറങ്ങിയ അത്‌ലറ്റികോ മഡ്രിഡിനെ ലെവാന്റെയാണ് 2-1ന് തോല്‍പിച്ചത്. രണ്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ് മുന്നിലത്തെിച്ചെങ്കിലും അത്‌ലറ്റികോക്ക് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 30ാം മിനിറ്റില്‍ വിക്ടര്‍ കസാഡെസസ് തിരിച്ചടിച്ചു. സമനിലയാകുമെന്നുറപ്പിച്ച് കളി പിരിയാനിരിക്കെ റോസിയുടെ ഗോള്‍ 90ാം മിനിറ്റില്‍ അത്‌ലറ്റികോയെ കരയിച്ചു.

ഇതോടെ 37 കളി കഴിഞ്ഞപ്പോള്‍ പോയന്റ് പട്ടികയില്‍ ബാഴ്‌സലോണ (88), റയല്‍ മഡ്രിഡ് (87), അത്‌ലറ്റികോ മഡ്രിഡ് (85) എന്നിങ്ങനെയാണ്. അവസാന അങ്കത്തില്‍ ബാഴ്‌സലോണ ഗ്രനഡയെയും റയല്‍ ഡിപോര്‍ടീവോയെയും നേരിടും. അത്‌ലറ്റികോ സെല്‍റ്റ വിഗോയെ നേരിടും.

സിറ്റി – ആഴ്‌സനല്‍ സമനില
ലണ്ടന്‍: ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഇടം നേടാന്‍ പോരടിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും കൊമ്പുകോര്‍ത്തപ്പോള്‍ 2-2ന് സമനില. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോ, കെവിന്‍ ഡി ബ്രുയിന്‍ എന്നിവര്‍ വലകുലുക്കി. ആഴ്‌സനലിനായി ഒലിവര്‍ ജിറൂഡ്, അലക്‌സിസ് സാഞ്ചസ് എന്നിവരും ലക്ഷ്യം കണ്ടു. നേരത്തെ ടോട്ടന്‍ഹാമിനെ സതാംപ്ടന്‍ 2-1ന് തോല്‍പിച്ചിരുന്നു. പോയന്റ് പട്ടികയില്‍ ടോട്ടന്‍ഹാം (70) രണ്ടാമതാണ്. ആഴ്‌സനല്‍ മൂന്നും (68), സിറ്റി (65) നാലും സ്ഥാനത്തും.