ബീഫ് ഉണ്ടാക്കിയതിന്റെ പേരില്‍ രാജസ്ഥാനില്‍ നാല് കശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

02:37pm 16/3/2016
download

ചിറ്റോര്‍ഗാ: ഹോസ്റ്റല്‍ മുറിയില്‍ ബീഫ് പാചകം ചെയ്‌തെന്നാരോപിച്ച് 4 കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം. തിങ്കളാഴ്ചയാണ് ജയ്പൂര്‍ ചിറ്റോര്‍ഗായിലെ മീവാര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. പിന്നീട് ഒരു വിഭാഗമാളുകള്‍ കാമ്പസിലെത്തി മുദ്രാവാക്യം മുഴക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലം പൊലീസ് നിരീക്ഷണത്തിലാണെന്നും മാംസം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

’23 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ചെറിയ ഇന്ത്യയെ പോലെയാണിവിടെ. ഇടക്ക് ചില പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടാകും അതിന് കാരണം വ്യത്യസ്ത സാമൂഹ്യ- സാംസ്‌കാരിക ചുറ്റുപാടില്‍ നിന്നുമുള്ള ആളുകളുള്ളതുകൊണ്ടാണ്?’ -യൂണിവേഴ്‌സിറ്റി അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തെ വ്യത്യസ്ത യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികള്‍ കടുത്ത വിവേചനം നേരിടുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ ഏജന്‍സികള്‍ കശ്മീരി വിദ്യാര്‍ഥികളെ പ്രത്യേകം ഉന്നം വെക്കുന്നതായി ജമ്മു കശ്മീര്‍ മുന്‍മുഖ്യ മന്ത്രി ഉമര്‍ അബ്ദുല്ലയും ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഹിന്ദുത്വ വാദികള്‍ ഒരാളെ അടിച്ചു കൊന്നത് രാജ്യമൊട്ടാകെ വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു.