ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചു -സർതാജ് അസീസ്

01:11 pm 17/10/2016
download (5)
ഇസ്ലാമാബാദ്: ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തീവ്രവാദം നേരിടുന്നതിന് ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ എക്കാലത്തും തയാറാണ്. തീവ്രവാദികളെ പാകിസ്താന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാക് മണ്ണില്‍ ഇന്ത്യന്‍ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങൾ നേരിടും. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തെ അയക്കണമെന്നും സര്‍ത്താജ് അസീസ് ആവശ്യപ്പെട്ടു.

ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിൽ മോദി പാകിസ്താനെ പേരെടുത്തു പറയാതെ വിമർശിച്ചിരുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായിട്ടുള്ള ഭീഷണി തീവ്രവാദമാണ്. നിർഭാഗ്യവശാൽ ഭീകരവാദത്തിന്‍റെ മാതൃത്വം ഇന്ത്യയുടെ അയൽ രാജ്യത്തിൻേറതാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വൻതോതിൽ വ്യാപിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.