ബ്രിട്ടനില്‍ തെരേസ മേ ഇന്ന് അധികാരമേല്‍ക്കും

09:50am 13/7/2016

download (3)
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉരുക്കുവനിതയെന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേ. പ്രധാനമന്ത്രി കാമറോണ്‍ ഇന്നു രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കും. ഇതിനു ശേഷമായിരിക്കും തെരേസ മേയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

ജൂണ്‍ 23ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോവുന്നതിന്(ബ്രെക്‌സിറ്റ്) അനൂകൂലമായി ഭൂരിപക്ഷം പേര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് കാമറോണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസ ഏറെ കര്‍ക്കശക്കാരിയായാണു വിലയിരുത്തപ്പെടുന്നത്.

ലണ്ടനിലെ മെര്‍ട്ടണില്‍ കൗണ്‍സിലറായി മത്സരിച്ചു ജയിച്ചാണ് തെരേസ മേ രാഷ്ട്രീയത്തിലെത്തിയത്. 1994ല്‍ ടോറി കൗണ്‍സിലറായി. 1997ല്‍ മെയ്ഡന്‍ഹെഡിലെ എംപിയായി. 2003ല്‍ ബ്ലാക്പൂളില്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഡേവിഡ് കാമറോണ്‍ മേയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു.