മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ അയയ്ക്കും

06:47pm 23/7/2016

Newsimg1_9231717
ന്യൂഡല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചു. സെപ്റ്റംബര്‍ നാലിനു റോമിലാണ് ചടങ്ങ് നടക്കുന്നത്. രാജ്യത്തിന്റെ അഭിമാനമായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യ ഔദ്യോഗിക സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ചു പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ് എംപി പരാമര്‍ശിച്ചപ്പോഴാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

റോമില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട ചടങ്ങുകളിലും ഇന്ത്യയില്‍നിന്ന് ഉന്നത ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കാറുണെ്ടന്ന് സുഷമ സ്വരാജിന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ തോമസ് ചൂണ്ടിക്കാട്ടി.

ആരുമില്ലാത്ത പാവങ്ങള്‍ക്കും അശരണര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മദര്‍ തെരേസ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെയാകെ ആദരവു നേടിയ വിശുദ്ധയാണെന്നു തോമസ് പറഞ്ഞു.

സംഘത്തില്‍ ആരൊക്കെ ഉണ്ടാകുമെന്നത് അടക്കമുള്ള വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീടു തീരുമാനിക്കും.

യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനുവേണ്ടി കേന്ദ്രം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇതിനായി ശ്രമം ഊര്‍ജിതപ്പെടുത്തിയിട്ടുണെ്ടന്നും സുഷമ പറഞ്ഞു. മലയാളി വൈദികന്റെ മോചനം വേഗത്തിലാക്കാന്‍ ഇടപെടണമെന്ന് തോമസ് മന്ത്രിയോട് ആവശ്യപ്പെ­ട്ടു.