മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമം: ആര്‍ച്ച് ബിഷപ് സൂസപാക്യം

07:31 am 12/6/2017

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തന്നെ മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് സൂസപാക്യം. കുര്‍ബാനക്ക് വൈനിന് അനുമതി തേടി എക്‌സൈസിന് നല്‍കിയ അപേക്ഷയെ അവര്‍ വളച്ചൊടിച്ചു. അരയോ, ഒന്നോ ഔണ്‍സ് വൈന്‍ വീതം നല്‍കാനാണ് അനുമതി തേടിയത്. അളവ് കുറക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ അതിന് തയാറാണ്. പകരം എക്‌സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കി തന്നെയും സഭയെയും അവഹേളിക്കാനാണ് ശ്രമംനടന്നതെന്ന് അദ്ദേഹം പറഞ്ഞു.

മദ്യനയത്തെ എതിര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും അവഹേളിച്ച് നിശ്ശബ്ദരാക്കാനാണ് ശ്രമം. അതിനാണ് വിശ്വാസത്തെപോലും ഇതിലേക്ക് വലിച്ചിഴക്കുന്നത്. എങ്കിലും മദ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍നിന്ന് പിന്തിരിയില്ല. മദ്യവര്‍ജനം നടപ്പാക്കേണ്ടത് ലഭ്യത കുറച്ചുകൊണ്ടുവന്നാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് മദ്യശാലകള്‍ വെട്ടിക്കുറച്ചത് ഗുണം ചെയ്തിരുന്നു. എന്നാല്‍, കള്ളക്കണക്ക് നല്‍കി തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍ തെറ്റായ വിവരം പ്രചരിപ്പിച്ചു. മദ്യമൊഴുക്കി കേരളത്തെ വികസന, ക്ഷേമ സംസ്ഥാനമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ തീരുമാനം തെറ്റിപ്പോയെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയം പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണമെന്നും സൂസപാക്യം പറഞ്ഞു.