മലയാളം സ്കൂളിന്റെ വാര്‍ഷികവും, കേരളപ്പിറവിയും ആഘോഷിച്ചു

08:56 am 13/11/2016

– ഷോളി കുമ്പിളുവേലി
Newsimg1_33921992
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളിന്റെ വാര്‍ഷികവും, കേരളപ്പിറവി ദിനാഘോഷവും സംയുക്തമായി നവംബര്‍ ആറാംതീയത ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

പ്രശസ്ത പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വളര്‍ന്നുവരുന്ന പുതു തലമുറയെ നമ്മുടെ സംസ്കാരത്തിലും പൗതൃകത്തിലും വളര്‍ത്തേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. മക്കളെ മലയാള ഭാഷ പഠിപ്പിക്കണമെന്നും, വീട്ടില്‍ മലയാളം സംസാരിക്കുകയാണ് അതിന് ഏറ്റവും എളുപ്പമാര്‍ഗ്ഗവുമെന്നു അദ്ദേഹം പ്രതിപാദിച്ചു. കഴിഞ്ഞ പതിനാല് വര്‍ഷമായി, മലയാളം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന എസ്.എം.സി.സിയെ ജോര്‍ജ് തുമ്പയില്‍ പ്രശംസിച്ചു.

ചടങ്ങില്‍ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അധ്യക്ഷത വഹിച്ചു. അറിവിന്റെ ലോകത്തിലേക്ക് പുതുതായി കടന്നുവന്ന കുട്ടികളെ ജോസ് അച്ചന്‍ അരിയില്‍ ആദ്യാക്ഷരം എഴുതിപ്പിച്ചു.

മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോജോ ഒഴുകയില്‍ സ്കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, കൈക്കാരന്‍ ആന്റണി കൈതാരം എന്നിവര്‍ പ്രസംഗിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷാജി സഖറിയ സ്വാഗതവും, ഷൈജു കളത്തില്‍ കൃതജ്ഞതയും പറഞ്ഞു. എയ്ഞ്ചല്‍ എഡ്വിന്‍ എം.സിയായി പരിപാടികള്‍ നിയന്ത്രിച്ചു.

മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനു മോടികൂട്ടി. മലയാളം സ്കൂള്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഷാറ്റി കാത്തി, മേരിക്കുട്ടി തെള്ളിയാങ്കല്‍, ജോസഫ് പൊറ്റയില്‍, അരുണ്‍ എടനാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.