ക്വീന്‍മേരി മിനിസ്ട്രിയുടെ പുതിയ മാധ്യമ സംരംഭമായ മരിയന്‍ വോയ്‌സ് ക്രിസ്മസിന്

Newsimg1_24337681
ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതി ആര്‍ജിച്ചിട്ടുള്ള കത്തോലിക്കാ ചാനലായ മരിയന്‍ ടിവിക്ക് നേതൃത്വം നല്‍കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ പുതിയ മാധ്യമ സംരംഭമായ മരിയന്‍ വോയ്‌സിന്റെ ആദ്യ പതിപ്പ് ഈ ക്രിസ്മസിന് ഇറങ്ങുമെന്നു ക്വീന്‍ മേരി മിനിസ്ട്രി ചെയര്‍മാന്‍ ബ്രദര്‍ ഡൊമിനിക് അറിയിച്ചു. പരിശുദ്ധ കന്യകാ മറിയത്തിന്റെ സന്ദേശങ്ങള്‍ക്കായിരിക്കും മരിയന്‍ വോയ്‌സില്‍ പ്രധാന്യം നല്‍കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്യകാ മറിയത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങളും ഫീച്ചറുകളും മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പംക്തികളും മരിയന്‍ വോയ്‌സിനു ചാരുത പകരും. സ്വര്‍ഗ്ഗീയ മാതാവിന്റെ സ്വരത്തിന് കാതുകള്‍ നല്കുക എന്നതാണ് മരിയന്‍ വോയ്‌സിന്റെ ആപ്തവാക്യം. മലയാള ഭാഷയില്‍ തയാറാക്കുന്ന മാസികയില്‍ പുതു തലമുറയ്ക്കായി ഏതാനും പേജുകളില്‍ ഇംഗ്ലീഷ് ഉള്ളടക്കവും ഉണ്ടായിരിക്കും. മള്‍ട്ടി കളറില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനിംഗും പ്രിന്റിംഗും മരിയന്‍ വോയ്‌സിന്റെ പ്രത്യേകത ആയിരിക്കും.

ക്വീന്‍ മേരി മിനിസ്ട്രിയുടെ തന്നെ മറ്റൊരു മാധ്യമ സംരംഭമായ മരിയന്‍ ടൈംസ് ഒരു വര്‍ഷത്തിനകം വലിയ ജനപ്രീതി നേടി മുന്നേറുന്ന സാഹചര്യത്തിലാണ് പരിശുദ്ധ മറിയത്തിന്റെ സന്ദേശങ്ങള്‍ കത്തോലിക്കാ വിശ്വാസികളില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി മരിയന്‍ വോയ്‌സ് ആരംഭിക്കുന്നതെന്നും ചീഫ് എഡിറ്റര്‍ കൂടിയായ ബ്രദര്‍ ഡൊമിനിക് പറഞ്ഞു. ടാബ്ലോയിഡ് സൈസില്‍ മികച്ച രൂപകല്‍പ്പനയില്‍ തയാറാക്കിയ മരിയന്‍ ടൈംസില്‍ കത്തോലിക്കാ സഭയുടെ ആഗോള വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കും മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ക്കുമാണ് പ്രധാന്യം നല്കിയിരിക്കുന്നത്. മിനിസ്ട്രിയുടെ ദൃശ്യമാധ്യമ സംരംഭമായ മരിയന്‍ ടിവിയും അമേരിക്കന്‍ കത്തോലിക്കരുടെ പ്രിയപ്പെട്ട ടിവി ചാനലാണ്. മരിയന്‍ വോയ്‌സിന്റെ സബ്‌സ്ക്രിപ്ഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫോണ്‍: 215 971 3319.