മലയാളികളെ വാഴ്ത്തിയ ജസ്റ്റിസ് കട്ജുവിന് പിണറായിയുടെ നന്ദി

08: 55 am 13/8/2016
download (10)
തിരുവനന്തപുരം: കേരളത്തെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ക്ക് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍െറ നന്ദി. ദേശ-മത വ്യത്യാസമില്ലാതെ എല്ലാവരെയും സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലര്‍ത്തിയിട്ടുണ്ടെന്ന് പിണറായി മറുപടിയില്‍ വ്യക്തമാക്കി. മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്നും രാജ്യം മലയാളികളെ കണ്ടുപഠിക്കണമെന്നുമാണ് കട്ജു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. സമൂഹത്തില്‍ എല്ലാവരെയും അംഗീകരിച്ച് ജീവിക്കാനാണ് നാം പഠിക്കേണ്ടത്. അത് ഏറ്റവും ഭംഗിയായി ചെയ്യുന്നത് മലയാളികളാണ്. അക്കാര്യത്തില്‍ ഇന്ത്യയുടെ പരിച്ഛേദമാണ് കേരളമെന്നായിരുന്നു കട്ജുവന്‍െറ പോസ്റ്റ്.
ദലിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ളെന്ന കട്ജുവിന്‍െറ പരാമര്‍ശം ചരിത്രപരമായി തെറ്റാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതു വ്യക്തമാക്കാന്‍ ദലിത് ജനതയുടെ അവകാശങ്ങള്‍ക്കായി നടന്ന പോരാട്ടങ്ങളുടെ ചരിത്രവും വിവരിച്ചിട്ടുണ്ട്. കുട്ടികളെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ചില്ളെങ്കില്‍ ജന്മികളുടെ പാടത്ത് പണിയെടുക്കാന്‍ മനസ്സില്ളെന്ന് പറഞ്ഞ് പണിമുടക്കിയ കണ്ടലയിലെ കര്‍ഷകത്തൊഴിലാളികളും മാറുമറയ്ക്കാനുള്ള അവകാശത്തിന് സമരം നടത്തിയ ചാന്നാര്‍ സ്ത്രീകളും കേരളത്തിന്‍െറ പുരോഗമനമനസ്സിന്‍െറ ശില്‍പികളാണ്.
വ്യത്യസ്ത വിഭാഗങ്ങളുടെ ശബ്ദം ഒരേപോലെ കേള്‍ക്കാനുള്ള അവസരം ഉണ്ടാകുന്നെന്ന് ഉറപ്പുവരുത്തണമെന്ന ചിന്തയും അദ്ദേഹം പങ്കുവെച്ചു. ജമ്മു-കശ്മീരിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയുംകുറിച്ച് സംസാരിക്കുമ്പോള്‍ ഇതു കൂടുതല്‍ പ്രസക്തമാകുന്നു. കേരളം കൈവരിച്ച നേട്ടങ്ങള്‍ ഭാരതമൊന്നാകെ പടര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യ സാധ്യമാകൂവെന്നും മുഖ്യമന്ത്രി മറുപടിയില്‍ കുറിച്ചു.
കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മലയാളികളെ പുകഴ്ത്തി അഭിപ്രായ പ്രകടനം നടത്തിയത്. യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളെന്നായിരുന്നു അദ്ദേഹത്തിന്‍െറ പരാമര്‍ശം. എന്തും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ മുഖ്യ സവിശേഷത. ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. വിവിധ മതങ്ങളും ജാതികളും ഭാഷകളും ഗോത്രങ്ങളും ഇന്ത്യയിലുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന 95 ശതമാനം പേരുടെയും പൂര്‍വികര്‍ വിദേശീയരാണ്. അതിനാല്‍, പരസ്പര സൗഹാര്‍ദത്തിലും ഒരുമയിലും ജീവിക്കണമെങ്കില്‍ മറ്റ് വിഭാഗങ്ങളെയും ബഹുമാനിക്കാന്‍ കഴിയണം. ഇത് ഏറ്റവും നന്നായി ചെയ്യുന്നത് മലയാളികളാണ്. അതിനാല്‍, അവരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍. മലയാളികളെ കണ്ടുപഠിക്കാനും അവരില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളാനും കഴിയണമെന്നും കട്ജു കുറിച്ചു.