മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി ആഘോഷം ഷിക്കാഗോയില്‍

10:11 pm 25/4/2017

– ബെന്നി പരിമണം


ഷിക്കാഗോ: അചഞ്ചലമായ ദൈവവിശ്വാസവും, ആഴമേറിയ ചിന്തകളും, ഹൃദയങ്ങളെ തൊടുന്ന സ്നേഹവും, പൊട്ടിച്ചിരിപ്പിക്കുകയും, അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന നര്‍മ്മബോധവും കൊണ്ട് തന്റെ ജീവിതം തന്നെ ഒരു മഹാത്ഭുതമാക്കിയ മാര്‍ത്തോമ്മാ സഭയുടെ ഇടയശ്രേഷ്ഠന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത തന്റെ ജീവിതത്തിന്റെ നൂറു സംവത്സരം പൂര്‍ത്തിയാക്കുന്നു.

വലിയ മെത്രാപോലീത്തായുടെ ജന്മദിനമായ ഏപ്രില്‍ 27ന് ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് വിശ്വാസ സമൂഹം ജന്മദിന ആശംസകളും, നന്മകളും നേര്‍ന്നു കൊണ്ട് ധന്യമായ തിരുമേനിയുടെ ജീവിതത്തിനായി ദൈവത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ട് സ്തോത്ര ശുശ്രൂഷ നടത്തുന്നു.വൈകീട്ട് 7 മണി മുതല്‍ 9 മണിവരെ നടക്കുന്ന ജന്മശതാബ്ദി ആഘോഷത്തില്‍ വികാരി റവ.എബ്രഹാം സ്കറിയ, അസി.വികാരി റവ.സോനു സ്കറിയ വര്‍ഗ്ഗീസ്, ഷിക്കാഗോ സെന്റ് തോമസ് ഇടവക വികാരി റവ.ശാലോമോന്‍.കെ, എല്‍മേസ്റ്റ് സെന്റ്. ഗ്രിഗോറിയോസ് ഇടവക വികാരി റവ.മാത്യൂസ് ജോര്‍ജ്ജ്, ഡോ.എം.വി.മാത്യു, ഡോ.പി.വി.ചെറിയാന്‍ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും തിരുമേനിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ ആസ്പദമാക്കി ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലെസ്സി അഭി.തിരുമേനിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രസക്ത ഭാഗങ്ങളും, തിരുമേനിയുടെ ആശംസകള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.എന്‍.എം.ഫിലിപ്പ്, സുജാത എബ്രഹാം എന്നിവര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ മുഖ്യ സംഘാടകരായി നേതൃത്വം നല്‍കുന്നു.

നമ്മില്‍ പലരും ജീവിതത്തിന്റെ വിവധ സാഹചര്യങ്ങളെ നിഷേധാത്മകമായി കാണുമ്പോള്‍ എല്ലാ സാഹചര്യങ്ങളിലും സാധ്യതകള്‍ കണ്ടെത്തി ഉന്നത ദര്‍ശനങ്ങളിലൂടെ കരുത്താര്‍ന്ന പ്രകാശ ലോകത്തിലേക്ക് ആഴമായ ചിന്തകളിലൂടെ നൂറാം വയസിലും മാതൃകാപരമായ ജീവിതം നയിക്കുന്ന അഭി.തിരുമേനിയെ ജന്മശതാബ്ദി ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച് സെക്രട്ടറി ഷിജി അലക്സ് അറിയിച്ചതാണിത്.