മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ചൊവ്വാഴ്ച

09:44 am 31/10/2016

Newsimg1_7079647
വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാന്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ വത്തിക്കാനില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30) സെന്റ് പോള്‍ മേജര്‍ ബസിലിക്കയില്‍ നടക്കും.

സീറോ മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലയനാര്‍ദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ഇന്ത്യയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സീ റോ മലങ്കര സഭയുടെ തലവനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശംസകള്‍ അര്‍പ്പിക്കും.

സെന്റ് പോള്‍ മേജര്‍ ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വി സ്വാഗതം പറയും. പൗരസ്ത്യ തിരുസംഘത്തില്‍ സീറോ മലബാര്‍ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍. മക്ലിന്‍ കമ്മിംഗ്‌സ് നിയമനപത്രിക വായിക്കും. മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്താണ് കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ സെബാ സ്റ്റ്യന്‍ വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോയ് ആലപ്പാട്ട് തുടങ്ങി നിരവധി മേലധ്യക്ഷന്മാരും 3000ല്‍പരം വിശ്വാസികളും നൂറുകണക്കിനു വൈദികരും സന്യസ്തരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും.

ഇറ്റലി, അയര്‍ലന്റ്, ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ 40,000ല്‍ പരം സീറോ മലബാര്‍ സഭാ മക്കളുടെ അജപാലനപരമായ കാര്യങ്ങളെ ഏകോപിപ്പിച്ചു കൂടുതല്‍ സജീവമാക്കുകയും കാര്യക്ഷമമാക്കാനുള്ള സാധ്യതകള്‍ കണ്ടെത്തുകയും അതനുസരിച്ചുള്ള ശുപാര്‍ശകള്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിക്കുകയുമാണ് അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ഉത്തരവാദിത്വം. ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറ ഫൊറോന ഇടവകയിലെ ചിറപ്പണത്ത് കൊച്ചുപൗലോസ്- റോസി ദമ്പതികളുടെ മകനാണു മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത്.