മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി

07:57 pm 6/10/2016
Newsimg1_48125890
ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും മറ്റ് അതിഥികളേയും എതിരേറ്റു.

പ്രസിഡന്റ് വിജി എസ് നായരുടെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ ഓണാഘോഷത്തിന്റെ പ്രധാന്യത്തെപ്പറ്റി സംസാരിക്കുകയും, സദസിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഭദ്രദീപം തെളിയിച്ച് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. നന്ദിനി നായരും വരുണ്‍ നായരും ദേശീയഗാനം ആലപിച്ചു. നിത്യാ നായരും ടീമും അവതരിപ്പിച്ച തിരുവാതിരകളി, ശ്രീദേവി & ടീമിന്റെ ഡാന്‍സുകള്‍, തോമസ് ഒറ്റക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സ് ഗ്രൂപ്പിന്റെ വിവിധ ഡാന്‍സുകള്‍, അജിത് ചന്ദ്രന്‍, അര്‍ജുന്‍ നായര്‍ എന്നിവരുടെ ഗാനങ്ങള്‍, അഭിഷേകിന്റെ മോഹിനിയാട്ടം, മറ്റു വിവിധ കലാപരിപാടികള്‍ എന്നിവയെല്ലാം സദസ്സിനു വളരെയധികം ആനന്ദപ്രദമായിരുന്നു.

അസോസിയേഷന്റെ പിക്‌നിനിക്കിനോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അവാര്‍ഡ് നല്കി ആദരിച്ചു. റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നന്ദിനി നായരേയും ചടങ്ങില്‍ ഫലകം നല്‍കി ആദരിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടികളുടെ നേതൃത്വവും, എം.സിയുമായി സുരേഷ് ബാലചന്ദ്രന്‍ പ്രവര്‍ത്തിച്ചു. മറ്റു വിവിധ പരിപാടികള്‍ക്കു പീറ്റര്‍ കുളങ്ങര, അരവിന്ദ് പിള്ള, ബേസല്‍ പേരേര, ഹെറാള്‍ഡ് ഫിഗുരേദോ, സതീശന്‍ നായര്‍, വര്‍ഗീസ് പലമലയില്‍, ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, അജി പിള്ള, പ്രസാദ് ബാലചന്ദ്രന്‍, പ്രസാദ് പിള്ള, റോയി നെടുംചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളവും, രവി കുട്ടപ്പന്റെ സ്റ്റേജ് സംവിധാനവും, ജേക്കബ് ചിറയത്തിന്റെ ശബ്ദവും വെളിച്ചവും, മലബാര്‍ കേറ്ററിംഗിന്റെ കേരളത്തനിമയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തെ അവിസ്മരണീയമാക്കി. ചടങ്ങില്‍ സെക്രട്ടറി ഏബ്രഹാം വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.