മിനസോട്ട മലയാളികള്‍ ഓണം ആഘോഷിച്ചു

07:57 pm 2/10/2016

– സുരേഷ് നായര്‍
Newsimg1_10410956
മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എം.എ) ഉത്ഹാപൂര്‍വം ഓണം ആഘോഷിച്ചു. രമേശ് കൃഷ്ണനും മനോജ് പ്രഭുവും തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മിനസോട്ടയിലെ ആദ്യകാല കുടിയേറ്റക്കാരായ കുര്യനും പെണ്ണമ്മ ചെറുച്ചേരിലും ചേര്‍ന്ന് ഓണാഘോഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ സാംസ്കാരിക പരിപാടികള്‍ നടന്നു. അശ്വതി മുട്ടശ്ശേരിലും സംഘവും അവതരിപ്പിച്ച ഓണക്കാഴ്ചകള്‍ എന്ന കലാപരിപാടി ഓണസമൃദ്ധിയിലേക്ക് കാണികളെ കൊണ്ടുപോയി. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പൂക്കള മത്സരത്തില്‍ കമലാ നായര്‍ ഒന്നാം സ്ഥാനം നേടി. പായസ മത്സരത്തില്‍ സുമാ നായര്‍, ലതാ നായര്‍, സിന്ധു നായര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മിനസോട്ട മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ സ്വാഗതവും, സെക്രട്ടറി സുബാഷ് തോമസ് നന്ദിയും പറഞ്ഞു. സോനാ നായര്‍, അരുണ്‍ പുരുഷോത്തമന്‍, കമലാ നായര്‍ എന്നിവരായിരുന്നു അവതാരകര്‍. മുന്‍വര്‍ഷത്തേക്കാള്‍ ധാരാളം പേര്‍ ഇപ്രാവശ്യത്തെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കും കലാസദ്യയ്ക്കും ശേഷം കാണികള്‍ പിരിഞ്ഞു.

ആഘോഷപരിപാടികളുടെ വീഡിയോ കാണുക: https://www.youtube.com/watch?v=-FZ9LzaX06g