മിസ്റ്റര്‍ ഏഷ്യയായി ബംഗളുരുവിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍

11:26 am 29/10/2016

asia_1
ബംഗലൂരു: ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ ഏഷ്യ ചാമ്പ്യൻ പട്ടം നേടി ബംഗളുരുവിലെ കുടിവെളള ടാങ്കർ ലോറി ഡ്രൈവർ. ജീവിത പ്രാരാബ്ദങ്ങളോട് പടപൊരുതിയാണ് ഇരുപത്തിയഞ്ചുകാരനായ ബാലകൃഷ്ണയുടെ നേട്ടം. ശ്രീ രാമഞ്ജനേയ എന്ന ഈ കുടിവെള്ള ടാങ്കർ ലോറിയുടെ ഡ്രൈവറായ ബാലകൃഷ്ണയാണ് ബംഗളുരുവിൽ ഇപ്പോഴത്തെ താരം. ഇന്നത്തെ ജോലി പൂർത്തിയാക്കി ബാലകൃഷ്ണ പോകുന്നത് വൈറ്റ്ഫീൽഡിലുള്ള ജിംനേഷ്യത്തിലേക്കാണ്. കഴിഞ്ഞ കുറേ വർഷങ്ങളാണ് കുടിവെള്ള വിതരണ ജോലിക്കിടയിലുള്ള ഇടവേളകളിൽ ബാലകൃഷ്ണയെ കാണണമെങ്കിൽ ജിമ്മിലെത്തണം.ഈ കടുത്ത പരിശീലനവും ചിട്ടകളുമാണ് ഫിലിപ്പീൻസിൽ നടന്ന ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ ഏഷ്യ പട്ടത്തിലേക്കെത്തിച്ചത്.
കടുത്ത സാമ്പത്തിക പ്രാരാബ്ദങ്ങൾ അലട്ടിയപ്പോൾ അമ്മയുടെ കമ്മൽ പണയപ്പെടുത്തിയാണ് ശരീരസൗന്ദര്യ മത്സരങ്ങൾ പങ്കെടുത്തതെന്ന് ബാലകൃഷ്ണ പറയുന്നു. പലപ്പോഴും സമയം കിട്ടാറില്ല. പത്ത് മണിക്ക് ശേഷം ടാങ്കർ ഡ്രൈവിംഗിന് പോകും. തിരിച്ച് രണ്ട് മണിയോടെ എത്തും. വീണ്ടും ജിമ്മിലേക്ക് വരും. നന്നായി പരിശീലിക്കും.
ദിവസവും ഇരുപത്തിയഞ്ച് മുട്ട, 750 ഗ്രാം കോഴിയിറച്ചി, 200 ഗ്രാം വേവിച്ച പച്ചക്കറികൾ, ഒരു കപ്പ് സാലഡ്, രണ്ട് ദിവസത്തിലൊരിക്കൽ 250 ഗ്രാം മീൻ എന്നിവയാണ് ബാലകൃഷ്ണയുടെ മെനു. പലപ്പോഴും പിന്മാറുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോൾ സഹോദരനും പരിശീലകനും നൽകിയ പിന്തുണയാണ് ബാലകൃഷ്ണയെ ഏറെ ചിലവുള്ള ഈ രംഗത്ത് തുടരാൻ പ്രേരിപ്പിച്ചത്. അർനോൾഡ് ഷ്വാസ്നെനെഗറുടെ ആരാധകനായ ഈ ഇരുപത്തിയഞ്ചുകാരൻ അടുത്ത മാസത്തെ മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.