മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി

01:55 pm 17/3/2017
download (11)

റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസിന് പുറത്തായി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (പുറത്താകാതെ 178), ഗ്ലെൻ മാക്സ്‌വെൽ (104) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി.

299/4 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഓസീസിന്‍റെ ഇന്നിംഗ്സിൽ പ്രത്യേകത മാക്സ്‌വെല്ലിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ്. ദീർഘകാലത്തിന് ശേഷം ഓസീസ് ടെസ്റ്റ് ടീമിലെത്തിയ മാക്സ്‌വെൽ ക്ഷമയോടെ ബാറ്റ് വീശിയാണ് ശതകം പൂർത്തിയാക്കിയത്. ഒൻപത് ഫോറും രണ്ടും സിക്സും പറത്തിയ മാക്സ്‌വെല്ലിനെ ജഡേജ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു.

17 ബൗണ്ടറികൾ ഉൾപ്പട്ടതായിരുന്ന നായകൻ സ്മിത്തിന്‍റെ ഇന്നിംഗ്സ്. രണ്ടാം ഡബിൾ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മിത്ത് അപരാജിതനായെങ്കിലും ഒരുവശത്ത് വിക്കറ്റ് കൊഴിഞ്ഞത് വിനയായി. വാലറ്റത്ത് മാത്യൂ വേഡ് (37), സ്റ്റീവ് ഒകീഫ് (25) എന്നിവർ ക്യാപ്റ്റന് പിന്തുണ നൽകി.