മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു

09:18am 1//4/2016
kolkatta4

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്‌നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 300 സൈനികരെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെ കൊല്‍ക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബരാ ബസാറിലെ മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. നിരവധി ആളുകളും വാഹനങ്ങളും പാലത്തിനടിയില്‍ പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌ഫോടനത്തിന് സമാനമായ ശബ്ദത്തിന് ശേഷമാണ് മേല്‍പ്പാലം നിലംപൊത്തിയത്. കോണ്‍ക്രീറ്റ് ഗട്ടറുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുന്നത്. സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

kolkatta
2010ല്‍ പൂര്‍ത്തിയാകേണ്ട മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇതുവരെ ആറു തവണ തടസപ്പെട്ടിരുന്നു. വരുന്ന ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കെയാണ് അപകടം സംഭവിച്ചത്. 2011ല്‍ അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ മേല്‍പ്പാലം.

ദുരന്തത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. അഴിമതിയുടെ പ്രത്യാഘാതമാണ് മോല്‍പ്പാലം തകര്‍ന്ന സംഭവമെന്നും മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ബി.ജെ.പി നേതാവ് സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥി രാഹുല്‍ സിന്‍ഹയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്താണ് തകര്‍ന്നുവീണ മേല്‍പ്പാലം സ്ഥിതി ചെയ്തിരുന്നത്.