മോദി പ്രസംഗം നിർത്തൂ, വാഗ്ദാനങ്ങൾ നടപ്പാക്കൂ -കോൺഗ്രസ്

12:25 PM 24/08/2016
download (1)
ന്യൂഡൽഹി: ദേശീയതയെ കുറിച്ചുള്ള നരേന്ദ്ര മോദി പ്രസ്താവന രാഷ്ട്രീയ കാപട്യമാണെന്ന് കോൺഗ്രസ്. മോദിയെ അധികാരത്തിലേറ്റിയത് ദേശീയത പ്രസംഗിക്കാനല്ലെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. വികസനം, തൊഴിൽ, വളർച്ച, ഭരണനിർവഹണം, ദാരിദ്ര്യ നിർമാർജനം, വിലക്കയറ്റം നിയന്ത്രിക്കൽ എന്നിവയാണ് തെരഞ്ഞെടുപ്പ് വേളയിൽ മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി മറക്കുകയാണെന്നും സുർജെവാല ആരോപിച്ചു.

മോദിയുടെ രണ്ടു വർഷത്തെ ഭരണത്തിൽ വിലക്കയറ്റം ഉയർന്ന തോതിലാണ്. ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു, വിദേശ നയത്തിന്‍റെ ദിശ നഷ്ടപ്പെട്ടു, തൊഴിലില്ലായ്മ വർധിച്ചു, സാമ്പത്തിക വളർച്ച മന്ദഗതിയിലാെണന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ് മോദി ചെയ്യേണ്ടത്. പ്രാവർത്തികമാകാത്ത വാഗ്ദാനങ്ങൾ നൽകിയ മോദി ജനങ്ങളോട് കണക്കു പറയേണ്ടിവരും. രാഷ്ട്ര നിർമാണത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും പങ്കാളിയാകാത്തവരും യാതൊരു ത്യാഗവും സഹിക്കാത്തവരുമാണ് ദേശീയതയുടെ വക്താക്കളാകാൻ ശ്രമം നടത്തുന്നതെന്നും സുർജെവാല പറഞ്ഞു.