രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട്

12:44 PM 24/08/2016
download (2)
ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച റിട്ട. ജസ്റ്റിസ് എ.കെ റൂപൻവാൾ കമീഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ് രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമീഷനെ നിയമിച്ചത്. രോഹിത് വധേര സമുദായത്തിൽപ്പെട്ട വിദ്യാർഥിയാണെന്നും ഇത് ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നതാണെന്നുമാണ് കമീഷന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് യു.ജി.സിക്കു മുൻപാകെ കമ്മിഷൻ സമർപ്പിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം എച്ച്.ആര്‍.ഡി മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ജനുവരി 17 നാണ് സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ രോഹിതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമായിരുന്നു. ക്യാമ്പസുകളിലെ ദലിത് പീഡനവും അന്ന് ചർച്ചയായി. വിഷയം വിവാദമായതോടെ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവര്‍ക്കെതിരെ പട്ടികജാതിക്കെതിരായ അതിക്രമം തടയാനുള്ള നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.