യുഎഇയും ഖത്തര്‍ ബന്ധം വിച്ഛേദിച്ചു; വ്യോമ ഗതാഗതം തിങ്കളാഴ്ച കൂടി മാത്രം

06:44 am 7/5/2017

അബുദാബി: ഖത്തറുമായുള്ള എല്ലാ നയതന്ത്രഗതാഗത ബന്ധങ്ങളും നിര്‍ത്തിവയ്ക്കാന്‍ യുഎഇയും തീരുമാനിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്യന്തം നാടകീയമായ തീരുമാനം തിങ്കളാഴ്ച രാവിലെയാണ് പ്രഖ്യാപിക്കപ്പെട്ടത്.
ഖത്തറുമായുള്ള എല്ലാ നയതന്ത്ര സാന്പത്തിക ഗതാഗത ബന്ധങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇതനുസരിച്ചു ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്തറിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടാകും.
ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. വ്യോമഗതാഗതം 24 മണിക്കൂര്‍ കൂടി മാത്രമേ ഉണ്ടാകുകയുള്ളൂ . ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദ് ചെയ്യുന്നതായി എത്തിഹാദ് വിമാനക്കന്പനി അറിയിച്ചു കഴിഞ്ഞു. ഇന്ന് രാത്രിയുള്ള വിമാനം സാധാരണപോലെ ഓപ്പറേറ്റ് ചെയ്യും. യുഎഇയില്‍ നിന്നുമുള്ള ഖത്തര്‍ എയര്‍വേസ് വിമാനങ്ങളും സര്‍വീസ് അവസാനിപ്പിക്കേണ്ടി വരും. റോഡ് മാര്‍ഗമുള്ള യാത്രകള്‍ക്കും വിലക്കുണ്ട്.
ഖത്തര്‍ പൗരന്മാര്‍ക്ക് യുഎഇ വിടുന്നതിനു 14 ദിവസമാണ് നല്‍കിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ യഥേഷ്ടം യാത്ര നടത്തുകയും, വ്യാപാര വ്യവസായങ്ങള്‍ നടത്തുകയും ചെയ്യുന്ന ജിസിസി പൗരന്മാര്‍ക്ക് വിലക്ക് കനത്ത തിരിച്ചടിയാകും .
മുസ്ലിം ബ്രദര്‍ ഹുഡ് അടക്കമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയും , ഇവരുടെ ആശയ പ്രചാരണത്തിന് ഖത്തര്‍ ആസ്ഥാനമായ അല്‍ ജസ്സീറ ടിവി നല്‍കുന്ന പിന്തുണയുമാണ് ഇത്തരം കടുത്ത തീരുമാനങ്ങള്‍ക്ക് യുഎഇ അടക്കമുള്ള രാജ്യത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടക്കുള