രണ്ട് മില്യന്‍ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് ട്രംപ്

01:17 pm 15/11/2016

– പി. പി. ചെറിയാന്‍
Trump
വാഷിങ്ടന്‍ : അടുത്ത ജനുവരിയില്‍ അധികാരം ഏറ്റെടുത്താല്‍ ഉടനെ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ 2 മില്യനിലധികം പേരെ നാടു കടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഞായറാഴ്ച ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കി.

അഞ്ചു മില്യനിലധികം അനധികൃത കുടിയേറ്റക്കാര്‍ ഇവിടെ ഉണ്ടെന്നാണ് സ്ഥിതി വിവര കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവര്‍, ഗാങ്ങ് മെമ്പേഴ്‌സ്, ഡ്രഗ് ഡീലേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ആദ്യ നടപടികള്‍ ഉണ്ടാകുകയെന്നും ട്രംപ് പറഞ്ഞു. ഈ സംഖ്യ മൂന്ന് മില്യന്‍വരെ ഉയരാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന ക്രിമിനല്‍ കേസുകളില്‍ നല്ലൊരു ശതമാനം അനധികൃത കുടിയേറ്റക്കാരാണ് പ്രതികള്‍. ഇല്ലിഗല്‍ ഇമ്മിഗ്രന്റ് വിഷയത്തില്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ട്രംപ്. അനധികൃതരെ തടയുന്നതിന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുമെന്നും അതിനുശേഷമായിരിക്കും നടപടികള്‍ ഉര്‍ജ്ജിതമാക്കുകയെന്നും ട്രംപ് പറഞ്ഞു. ഇത്തരക്കാരില്‍ ഹിസ്പാനിക്ക് ജനവിഭാഗമാണ് ഭൂരിപക്ഷവും. എന്നാല്‍ ഏഷ്യ പോലെയുള്ള സ്ഥലങ്ങളില്‍ നിന്നുളളവരും ഉള്‍പ്പെടും.