രതീഷിന്റെ മകള്‍ വിവാഹിതയായി

09:06am 26/4/2016
1461615397_u2604k
കൊച്ചി: അന്തരിച്ച ചലച്ചിത്രനടന്‍ രതീഷിന്റെ മകള്‍ പത്മയ്ക്ക് താരങ്ങളുടെ ആശിര്‍വാദത്തോടെ മാംഗല്യം. കൊച്ചി ടി.ഡി.എം. ഹാളില്‍ നടന്ന വിവാഹ ചടങ്ങിന് മലയാളം സിനിമാലോകം ഒന്നടങ്കമെത്തി.
മാതാപിതാക്കളുടെ നിര്യാണത്തെ തുടര്‍ന്നുള്ള അഭാവം നീക്കാന്‍ അവരുടെ സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. മാതാപിതാക്കളുടെ സ്ഥാനത്തുനിന്നു ചലച്ചിത്ര താരം മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചപ്പോള്‍ താലവുമായി ജയറാമിന്റെ ഭാര്യയും ചലച്ചിത്രതാരവുമായ പാര്‍വതി, വധുവിന്റെ സഹോദരി പാര്‍വതി, കീര്‍ത്തി, രാധിക എന്നിവര്‍ വധുവിനെ വരവേറ്റു. മമ്മൂട്ടിയുടെ കാല്‍തൊട്ടുവന്ദിച്ച് കതിര്‍മണ്ഡപത്തില്‍ പ്രവേശിച്ച പത്മയുടെ കഴുത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഇടപ്പള്ളി കണ്ണംത്തോടത്ത് ലെയിന്‍ ശങ്കര്‍മേനോന്റെ മകന്‍ സഞ്ജീവ് താലി ചാര്‍ത്തി.
സുരേഷ് വധുവിന്റെ കൈ വരനു പിടിച്ചു കൊടുത്തു. മമ്മൂട്ടിയാണ് മോതിരം കൈമാറിയത്. ജയറാം ഇരുവര്‍ക്കും പൂച്ചെണ്ട് നല്‍കി. സംവിധായകന്‍ ജോഷി പൂമാലയും നല്‍കി. വധുവിന്റെ സഹോദരി പാര്‍വതിയും നടി മേനകയും വധൂവരന്മാര്‍ക്ക് മധുരം നല്‍കി.
സുരേഷ് ഗോപി, ദിലീപ്, മഞ്ജു വാര്യര്‍, കവിയൂര്‍ പൊന്നമ്മ, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, കെ.പി.എ.സി. ലളിത, രണ്‍ജി പണിക്കര്‍, മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, ഷാജി കൈലാസ്, ആനി, ചിപ്പി, നീരജ് മാധവ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു