രേഷ്മ ബനൊ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ അതിഥിയായി പങ്കെടുക്കും

01.51 AM 04-09-2016
unnamed (7)
പി. പി. ചെറിയാന്‍
ന്യൂയോര്‍ക്ക് : ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യയില്‍ നിന്നുളള 19 കാരി രേഷ്മാ ബനൊ ന്യുയോര്‍ക്കില്‍ നടക്കുന്ന ഫാഷന്‍ വീക്കില്‍ അതിഥിയായി പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിയില്‍ ഇന്റര്‍ നാഷണല്‍ ഫാഷന്‍ ശേഖരണത്തിന്റെ പ്രദര്‍ശനവും വില്‍പനയുമാണ് ലക്ഷ്യമിടുന്നത്.

7 മുതല്‍ 10 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ഫാഷന്‍ ഷോയില്‍ റണ്‍വേയിലൂടെ നടക്കുന്നതിനാണ് ഷോയുടെ സംഘാടകരായ ഫാഷന്‍ പ്രൊഡക്ഷന്‍ ഫേമിന്റെ സംഘാടകര്‍ രേഷ്മയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 1943 മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന (ഫെബ്രുവരി, സെപ്റ്റംബര്‍) ഫാഷന്‍ ഷോ ലോകത്തില്‍ പാരീസ്, ലണ്ടന്‍, മിലന്‍ തുടങ്ങിയ വന്‍ നഗരങ്ങളിലാണ് ന്യുയോര്‍ക്കിനെ കൂടാതെ സംഘടിപ്പിക്കുന്നത്.

സഹോദരിയെ ഭര്‍ത്താവില്‍ നിന്നും രക്ഷിക്കുന്നതിനു ശ്രമിച്ചതിനാണ് കോപിഷ്ടനായ സഹോദരി ഭര്‍ത്താവ് രേഷ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. 2014 മെയ് 9 നായിരുന്നു ആസിഡ് ആക്രമണം. ആക്രമണത്തിനുശേഷം റോഡില്‍ വീണ രേഷ്മയെ 4 മണിക്കൂറിനുശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്‍പതു മാസത്തിനുളളില്‍ അഞ്ച് സ്‌കിന്‍ ഗ്രാഫ്റ്റ് ശസ്ത്രക്രിയയ്ക്കു രേഷ്മ വിധേയയായിരുന്നു.

ആസിഡ് ആക്രമണത്തിന്റെ ഭയാനകതയെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ജീവിത ലക്ഷ്യമെന്ന് രേഷ്മ പറയുന്നു. ആദ്യമായാണ് ബോംബെ നഗരം വിട്ടു രേഷ്മ വിദേശത്തേക്ക് പോകുന്നത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നതു ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് രേഷ്മ പറയുന്നു