ശരീരത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനു വ്യായാമം അനിവാര്യം: ഡോ. ചന്ദ്രശേഖരന്‍ നായര്‍

01.49 AM 04-09-2016
unnamed (6)
പി.പി. ചെറിയാന്‍
ഡാളസ്: പ്രായം വര്‍ധിക്കുംതോറും ശാരീരികവും മാനസീകവുമായി ഉണ്ടാകുന്ന സ്വഭാവിക ബലക്ഷയത്തെ അതിജീവിക്കുന്നതിനും, ശരീരത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും മാനസീകവും, ശാരീരികവുമായ വ്യായാമം അനുവാര്യമാണെന്നു ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ പ്രസിദ്ധ ഹൃദ്രോഗ വിദഗ്ധനും, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ചന്ദ്രശേഖരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഓഗസ്റ്റ് 27നു ശനിയാഴ്ച രാവിലെ പത്തുമുതല്‍ സംഘടിപ്പിച്ച സീനിയര്‍ സിറ്റിസണ്‍ ഏകദിന പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചന്ദ്രശഖരന്‍ നായര്‍.

പ്രമേഹവും, ഹൃദ്രോഗവും, അമിത രക്തസമ്മര്‍ദവും പ്രായമായവരില്‍ മാത്രമല്ല, മധ്യവയസ്‌കരിലും പൊതുവെ കണ്ടുവരുന്ന രോഗമാണ്. ആധുനിക അലോപ്പതി ചികിത്സയിലൂടെ ഒരുപരിധിവരെ ഇതിനെ നിയന്ത്രിക്കാമെങ്കിലും ഭക്ഷണക്രമത്തില്‍ നിയന്ത്രണം പാലിക്കുന്നതിലൂടെയും, സ്ഥിരമായ വ്യായാമത്തിലൂടെയും പൂര്‍ണമായും ഈ രോഗങ്ങളെ അകറ്റിനിര്‍ത്താനാകുമെന്നു ഡോക്ടര്‍ പറഞ്ഞു. അമിത മദ്യപാനവും, പുകയിലയുടെ ഉപയോഗവും ഒരു ഫാഷനാക്കി മാറ്റിയിരിക്കുന്നവര്‍ ശരീരത്തെ അറിഞ്ഞുകൊണ്ടു അനാരോഗ്യകരമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. ശാരീരിക വ്യായാമത്തോടൊപ്പം, മാനസീക വ്യായാമത്തിനു യോഗ പരിശീലിക്കുന്നതും ഉചിതമായിരിക്കുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി,

തുടര്‍ന്നു ജയ ചാക്കോ സമീകൃതാഹാരത്തിന്റെ ഉപയോഗത്തെ കുറിച്ച് വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി. ഓര്‍ഗാനിക് എന്ന ലേബലില്‍ കടകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കു പകരം വീട്ടുവളപ്പില്‍ കൃഷി ചെയ്തു ലഭിക്കുന്നവ ആരോഗ്യത്തിനു കൂടുതല്‍ ഫലപ്രദമായിരിക്കുമെന്നും ജയ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗതവും, വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. സെക്രട്ടറി റോയി കൊടുവത്ത് നന്ദി പറഞ്ഞു. തുടര്‍ന്നു ഓര്‍ഗാനിക് വിഭവങ്ങള്‍കൊണ്ടു തയാറാക്കിയ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.