റബര്‍ ആഭ്യന്തരവിപണി തകര്‍ക്കുന്നത് കേന്ദ്രസര്‍ക്കാരും ബോര്‍ഡും:

08:38 am 27/11/2016

വി.സി.സെബാസ്റ്റിയന്‍
Newsimg1_42915095
കോട്ടയം: റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിലയിലെ മന്ദിപ്പ് തുടരുന്നതിന്റെ പിന്നില്‍ റബര്‍ ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കര്‍ഷകവിരുദ്ധ നിലപാടുകളാണെന്നും ആഭ്യന്തരവിപണി വില നിശ്ചയിക്കേണ്ട മാനദണ്ഡങ്ങള്‍ റബര്‍ബോര്‍ഡ് അട്ടിമറിക്കുന്നതായി സംശയിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പെറുവിലെ ലാമയില്‍ നവംബര്‍ 18ന് ചേര്‍ന്ന ഏഷ്യന്‍ പസഫിക് സാമ്പത്തിക കോര്‍പ്പറേഷന്റെ ഉന്നതതല സമ്മേളനത്തെത്തുടര്‍ന്ന് ടയര്‍ ഉള്‍പ്പെടെ റബറധിഷ്ഠിത ഉല്പന്നങ്ങളുടെ ആഗോളവിപണിയിലെ പങ്കാളിത്തം സജീവമാക്കുവാന്‍ ചൈന മുന്നോട്ടിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓട്ടോമൊബൈല്‍ മേഖലയില്‍ ഒട്ടേറെ പ്രോത്സാഹനവും ഇളവുകളും ചൈനസര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളുടെയും ആര്‍സിഇപി കരട് കരാറിന്റെയും അടിസ്ഥാനത്തില്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്വാഭാവിക റബറിന്റെ ഇറക്കുമതി ചൈന ഉയര്‍ത്തിയിരിക്കുന്നു. ഇങ്ങനെ രാജ്യാന്തരവില ഉയരുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയുടെ ആഭ്യന്തരവിപണിയിലും അനുപാതികമായ ഉയര്‍ച്ചയുണ്ടാകേണ്ടതാണ്. എന്നാല്‍ ഇറക്കുമതി നഷ്ടം ഒഴിവാക്കാന്‍ ആഭ്യന്തരവിപണിയെ തകര്‍ക്കുന്ന വ്യവസായികളുടെ നിലപാടിന് കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും ഒത്താശചെയ്ത് കര്‍ഷകരെ ദ്രോഹിക്കുന്നുവെന്നും രാജ്യാന്തരവില കുതിച്ചുയര്‍ന്നപ്പോള്‍ ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ക്കുണ്ടായ വന്‍നഷ്ടം ഒഴിവാക്കാനാണ് റബര്‍ ബോര്‍ഡ് അനുപാതികമായി ആഭ്യന്തരവില ഉയര്‍ത്താത്തതെന്നും വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു,.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ആര്‍എസ്എസ് 4നു തുല്യമായ പ്രകൃതിദത്ത റബറിന്റെ രാജ്യാന്തരവില 106 രൂപയില്‍ നിന്ന് 141 രൂപയായി ഉയര്‍ന്നു. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച ആഭ്യന്തരവിലയാകട്ടെ 116 രൂപയില്‍നിന്ന് 130 രൂപയായി മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ വ്യാപാരിവിലയാകട്ടെ 127 രൂപയും. ക്രൂഡോയില്‍ വിലയിലുള്ള മാറ്റങ്ങളും, പ്രകൃതിദത്ത റബറിന്റെ ബാങ്കോക്ക് മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയ രാജ്യാന്തര വിലയും, ഇറക്കുമതിച്ചുങ്കവും, ആഭ്യന്തര ഉല്പാദനവും വിപണിവില നിശ്ചയിക്കുവാന്‍ അടിസ്ഥാനഘടകമാണ്. 25 ശതമാനം ഇറക്കുമതിച്ചുങ്കത്തോടൊപ്പം 3% സെന്‍ട്രല്‍ എക്‌സൈസ് സെസ്സ്, 3% കസ്റ്റംസ് സെസ്സ്, 4% കൗണ്ടര്‍ വെയ്‌ലിംഗ് ഡ്യൂട്ടി ഉള്‍പ്പെടെ 35% ചുങ്കമടച്ചാല്‍ മാത്രമേ ഇറക്കുമതി സാധ്യമാകൂ. ബാങ്ക് ചാര്‍ജും കടത്തുകൂലിയും വേറെ. ഇവയെല്ലാം പരിഗണിച്ച് ആഭ്യന്തവില 190 രൂപയിലധികമായി പ്രഖ്യാപിക്കുന്നതിനുപകരം നികുതിരഹിത ഇറക്കുമതിക്ക് അവസരമൊരുക്കി ആഭ്യന്തരവിപണി മന്ദീഭവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും റബര്‍ബോര്‍ഡിന്റെയും നിലപാട് വഞ്ചനാപരമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ സഹായധനപദ്ധതിയുടെ മറവില്‍ കുറഞ്ഞവിലയ്ക്ക് വ്യവസായികള്‍ക്ക് അസംസ്കൃത റബര്‍ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായി റബര്‍ബോര്‍ഡ് അധഃപതിച്ചിരിക്കുന്നു. സഹായധനപദ്ധതിയില്‍ നിന്ന് 2016 ജൂണ്‍ 15 വരെയുള്ള ബില്ലുകളില്‍ മാത്രമേ സബ്‌സിഡി ലഭിച്ചിട്ടുള്ളൂ. നവംബര്‍ വരെയുള്ള അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹായധനം പോലും തികയാതെ വരും. വിലത്തകര്‍ച്ച നേരിട്ടിട്ടും രാജ്യാന്തരവില ഉയര്‍ന്നിട്ടും ഇടപെടലുകള്‍ നടത്താതെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം