നോട്ട് പിന്‍വലിക്കല്‍ : അനുകൂലിച്ചും പ്രതികൂലിച്ചും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ സിമ്പോസിയം

08:29 am 27/11/2016

– ജിനേഷ് തമ്പി
Newsimg1_41808708 (1)
ഡാളസ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ വിളിച്ചു കൂട്ടിയ ദേശീയതലത്തിലുളള കോണ്‍ഫറന്‍സ് കോള്‍ മീറ്റിംഗില്‍ ഇന്ത്യയില്‍ അടുത്തകാലത്ത് സംഭവിച്ച നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദം നടന്നു. ഒപ്പം അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തികമാറ്റങ്ങളെപ്പറ്റിയും പരാമാര്‍ശിക്കപ്പെട്ടു.

റോക്ക്‌ലാന്റ് കൗണ്ടി ലജി സ്ലേറ്റര്‍ ഡോ. ആനി പോള്‍ മുഖ്യ അതിഥിയായി തന്റെ പ്രസംഗത്തില്‍ ട്രമ്പിന്റെ ഭരണകാലത്തെ മാറ്റങ്ങള്‍ക്ക് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നുവെന്നും ഒബാമയുടെ കാലത്ത് തങ്ങള്‍ വളരെ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നുവെന്നും പറഞ്ഞു.
ഡബ്ലു.എം.സി അമേരിക്കാ റീജിയന്‍ പ്രസിഡന്റ് ശ്രീ. പി.സി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയിന്റ് സെക്രട്ടറി പിന്റോ ചാക്കോ മോഡറേറ്ററായിരുന്നു.

സാബു ജോസഫ് സി.പി.എ (ഫിലാഡാല്‍ഫിയ) (ഡബ്ലു.എം.സി യുടെ റീജിയന്‍ നിയുക്ത ഇക്കണോമിക്‌സ് ആന്റ് സട്രാറ്റജിക്ക് ഫോറം പ്രസിഡന്റ്) തുടക്കമിട്ട സംവാദം രണ്ടു മണിക്കൂറുകളോളം നീണ്ടുനിന്നു. അമേരിക്കയില്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ കറന്‍സി അമേരിക്കയില്‍ പ്രിന്റ് ചെയ്യുന്ന, അഥവ പുറത്തിറക്കുന്ന റിസര്‍വ് ബാങ്ക്, ഡോളര്‍ തങ്ങളെ തിരിച്ചേല്‍പിച്ചാല്‍ തിരികെ വാങ്ങിക്കൊള്ളാം എന്ന ഉറപ്പിലും വിശ്വാസത്തിലുമാണ് മാര്‍ക്കറ്റില്‍ ഇറക്കുന്നതെന്നും അതുപോലെ ഉള്ള ഒരു വിശ്വാസം പെട്ടെന്നുളള നടപടികൊണ്ട് ഇന്ത്യയില്‍ ജനങ്ങളുടെ ഇടയില്‍ നഷ്ടപ്പെട്ടുവോ എന്ന് തനിക്കു സംശയമുണ്ടെന്നു പറഞ്ഞപ്പോള്‍ അതിനെ അനുകൂലിച്ചുകൊണ്ട് ഹൂസ്റ്റണില്‍ നിന്നും എല്‍ദോ പീറ്റര്‍, ടോം വിരിപ്പന്‍, ഡാളസില്‍ നിന്നും റ്റി.സി. ചാക്കോ, തോമസ് ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. ജനങ്ങളെ ബുദ്ധമുട്ടിച്ച ഇതുപോലെ ഉള്ള ഒരു സംഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന് എല്‍ദോ ശക്തമായി വാദിച്ചു. കോ ഓപ്പറേറ്റീവ് ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് ഡോ. രുഗ്മിണി പത്മകുമാര്‍ പറഞ്ഞെങ്കിലും നോട്ട് പിന്‍വലിക്കല്‍ നല്ല നടപടിയായി അവര്‍ കരുതുന്നു.

ഇന്ത്യയിലെ കളളപണക്കാര്‍ക്കും പാക്കിസ്ഥാനില്‍ നിന്നും അടിച്ചിറക്കുന്ന കളളനോട്ടുകള്‍ക്കും വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്ന് ഫിലിപ്പ് മാരേട്ട് തന്റെ പ്രസംഗത്തില്‍ ശക്തിയായി പ്രതികരിച്ചു. അതിനെ പിന്‍തുണച്ചുകൊണ്ട് ജേക്കബ് ഏബ്രഹാം (ഡാളസ്) മോദിയുടെ നടപടി സുധൈര്യവും അഭിനന്ദാര്‍ഹമാണെന്നും പറഞ്ഞതിനോടൊപ്പം സ്വന്തം അനുയായികളെപ്പോലും അറിയിക്കാതെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നടപടികള്‍ എടുത്തതെന്നും പറഞ്ഞപ്പോള്‍ , സ്വന്തം ടീമില്‍ പോലും വിശ്വാസമില്ലാത്തതിനല്ലേ എന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് അലക്‌സ് കോശി വിളനിലം തല്‍ക്കാലത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുമാറി നല്ല അന്തരീക്ഷം തെളിയുമെന്നും കളളപണക്കാരുടെ കളളപ്പണം വെളുപ്പിക്കാന്‍ ഇടം കൊടുക്കാതെ പ്രധാന മന്ത്രി എടുത്ത നടപടിയെ അനുമോദിക്കുകയും ചെയ്തു.
ന്യൂജേഴ്‌സി പ്രോവിന്‍സ് പ്രസിഡന്റ് തങ്കം അരവിന്ദന്‍, യൂത്ത് ഫോറം ഗ്ലോബല്‍ പ്രസിഡന്റ് സുധീര്‍, ചാക്കോ കോയിക്കലേത്ത് റീജിയന്‍ വൈസ് പ്രസിഡന്റ് (ന്യൂയോര്‍ക്ക്) മുതലായവര്‍ നോട്ടു പിന്‍വലിച്ചതിനെ അനുകൂലിച്ചു സംസാരിച്ചു. സംവാദത്തെ ക്രോഡീകരിച്ചുകൊണ്ട് റീജിയന്‍ പ്രസിഡന്റ് പി.സി. മാത്യു, “ബസ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടു വരാതെ എത്തേണ്ടടത്ത് എത്തിക്കുന്നതാണ് നല്ല ബസ് െ്രെഡവറുടെ കഴിവെന്നും ഇന്ത്യയുടെ സാമ്പത്തിക നിജസ്ഥിതി മെച്ചപ്പെടുത്തുവാന്‍ എടുത്ത നടപടി പൊതുജനങ്ങളെ വലക്കുന്നതാകുവാന്‍ പാടില്ലായിരുന്നു എന്നും മുന്‍ കൂട്ടി ഉണ്ടായേക്കാവുന്ന പരിണിത ഫലങ്ങളെ കണക്കാക്കി മുന്‍ കരുതലുകള്‍ എടുക്കേണ്ടിയിരുന്നു” എന്നും പറഞ്ഞു.

പ്രവാസികള്‍ അവധി കഴിഞ്ഞ് തിരിച്ചു വിദേശത്തെത്തിയപ്പോള്‍ കൈയ്യില്‍ വച്ചിരിക്കുന്ന ചെറിയ തുകകള്‍ തിരിച്ചെത്തുമ്പോള്‍ നഷ്ടപ്പെടാതെ ഉപകരിക്കുവാനുളള സൗകര്യം ഗവണ്‍മെന്റ് ഏര്‍പ്പെടുത്തണമെന്നും ഇതു സംബന്ധിച്ച മെമ്മോറാണ്ടം പ്രധാന മന്ത്രിക്കും നല്‍കുമെന്നും പറഞ്ഞു. ഡാളസില്‍ നിന്നും തോമസ് ഏബ്രഹാം പ്രോവിന്‍സ് പ്രസിഡന്റ്), വര്‍ഗീസ് കയ്യാലക്കകം റീജിയന്‍ വൈസ് ചെയര്‍മാന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. റീജിയന്‍ സെക്രട്ടറി കുര്യന്‍ സഖറിയ (ഒക്കലഹോമ) ഗവണ്‍മെന്റ് നടപടികളെ അനുകൂലിച്ചാണ് പ്രസംഗിച്ചത്. റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, ന്യൂയോര്‍ക്ക് പ്രോവിന്‍സ് പ്രസിഡന്റ് ഷോളി കുമ്പിളുവേലില്‍, ഫിലാഡല്‍ ഫിയ പ്രൊവിന്‍സ് ചെയര്‍പേഴ്‌സണ്‍ മേരി ജോസഫ്, എസ്.കെ. ചെറിയാന്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ ഷെറി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തോമസ് പുന്നൂസ് (ഒക്കലഹോമ പ്രോവിന്‍സ് പ്രസിഡന്റ്) നന്ദി പ്രകാശിര്‍പ്പിച്ചു.