റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു

09.22 AM 30/10/2016
Cristiano_Ronaldo_301016
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് റയൽ അലാവസിനെ തകർത്തത്. റയലിനുവേണ്ടി അൽവാരോ മൊറാത്തയും സ്കോർ ചെയ്തു. അൽവാരസിന്റെ ആശ്വാസ ഗോൾ ബ്രും സിൽവ അകോസ്തയുടെ ബൂട്ടിൽനിന്നായിരുന്നു.

കളി ചൂടുപിടിക്കുമുമ്പെ അലാവസ് റയലിനെ ഞെട്ടിച്ചു. ഏഴാം മിനിറ്റിൽ അകോസ്തയുടെ ഷോട്ട് റയലിന്റെ വലകുലുക്കി. മിനിറ്റുകൾക്കുള്ളിൽ റയൽ സമനില വീണ്ടെടുത്തു. പെനാൽറ്റിയിൽനിന്നും ക്രിസ്റ്റ്യാനോയാണ് സമനില നേടിയത്. റഫറിയുടെ തെറ്റായ തീരുമാനമാണ് അലാവസിനെ ചതിച്ചത്. ബോക്സിനു വലതു പാർശ്വത്തിൽനിന്നും റൊണാൾഡോ എടുത്ത ഫ്രീ കിക്ക് അലാവസ് പ്രതിരോധ മതിൽ തട്ടിത്തെറിച്ചു. എന്നാൽ ഒരു പ്രതിരോധനിരക്കാരന്റെ കൈയിൽ പന്ത് തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു. റഫറിയുടെ തീരുമാനം തെറ്റായിരുന്നെന്ന് റീപ്ലേയിൽ വ്യക്‌തമായിരുന്നു.

33 –ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും അലാവസ് വലകുലുക്കി. ബോക്സിന്റെ ഇടതു മൂലയിൽനിന്നും തൊടുത്ത ഷോട്ട് അലാവസ് ഗോൾവര കടന്ന് വലതുളച്ചു. വീണ്ടും റയലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി തുലച്ച റൊണാൾഡോ ഹാട്രിക് അവസരം നഷ്ടമാക്കി. കളിയുടെ അവസാന മിനിറ്റുകളിൽ മൊറാത്ത റയൽ ലീഡ് മൂന്നായി വർധിപ്പിച്ചു. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റൊണാൾഡോ ഹാട്രിക് തികയ്ക്കുകയും ചെയ്തു.