ലോക നന്മയ്ക്ക് ഹിലരി ക്ലിന്റണ്‍ പ്രസിഡന്റാകണം- ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

08:00 pm 5/11/2016

Newsimg1_1000042
ന്യൂയോര്‍ക്ക്: ലോകം ഉറ്റുനോക്കുന്ന 2016-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണുള്ളത്.തുടക്കത്തില്‍ വളരെ തണുപ്പനായിരുന്ന തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചത് അവസാനഘട്ടത്തില്‍ മാത്രമാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്നുവരെ കാണാതിരുന്ന നിസ്സംഗ മനോഭാവമായിരുന്നു പൊതുജനങ്ങള്‍ക്ക് ഇരു സ്ഥാനാര്‍ത്ഥികളോടും ഉണ്ടായിരുന്നത്. ശക്തമായ കാമ്പയിനിലൂടെ ഉജ്വലമായ വിജയമാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും വിദേശകാര്യ സെക്രട്ടറിയും, മുന്‍ പ്രഥമ വനിതയുമായ ഹിലരി നേടിയെടുത്തത്. ദീര്‍ഘനാളത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും, വലിയ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലെ പരിചയ സമ്പന്നതയും കൈമുതലായുള്ള ഹിലരി പാര്‍ട്ടിയുടെ സര്‍വ്വസമ്മത സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.

വലിയ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം ഒന്നുമില്ലാത്ത ട്രമ്പിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപദം ലഭിച്ചതുതന്നെ അത്ഭുതമാണ്. അറിയപ്പെടുന്ന ബിസനസുകാരന്‍ എന്നതിലുപരി ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചും. പൊതുജന സേവന പ്രവര്‍ത്തനം നടത്തിയിട്ടുള്ള പരിചയം ഒന്നുമില്ലാത്ത വ്യക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പാണുള്ളത്. പാര്‍ട്ടി അംഗങ്ങളായ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ വരെ പരസ്യമായി തങ്ങള്‍ക്കുള്ള അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച പോലെ അമേരിക്കയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്നാണ് ട്രമ്പിന്റെ വാഗ്ദാനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പ്രഹരം ഏല്പിച്ച വ്യക്തി, സ്വന്തം ബിസിനസില്‍ തന്നെ വന്‍ നഷ്ടത്തോടൊപ്പം Bankruptsy-യിലൂടെയും, ഫെഡറല്‍ ടാക്‌സ് വെട്ടിപ്പ് നടത്തുകയും ചെയ്ത ആള്‍ എന്ന പരാതിയും ആക്ഷേപവും പേറിയാണ് ട്രമ്പ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ആരോപണ പ്രത്യാരോപണങ്ങള്‍കൊണ്ട് മുഖരിതമായ തെരഞ്ഞെടുപ്പ് രംഗത്ത് നാളിതുവരെ കാണാത്ത തരംതാണ രംഗങ്ങളാണുണ്ടായത്. സ്ത്രീപീഡകന്‍, മുസ്‌ലീം വിരോധി, ഇമിഗ്രേഷനെതിര് എന്നിവയൊക്കെ ഡൊണാള്‍ഡ് ട്രമ്പിനെതിരെ ഉയര്‍ന്നപ്പോള്‍ പ്രൈവറ്റ് ഇമെയില്‍ വിവാദം മാത്രമാണ് ഹിലരിക്കെതിരേ ആരോപിക്കപ്പെട്ടത്. രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യാവസ്ഥ എന്തെന്ന് അറിയില്ലെങ്കിലും വലിയ പ്രചാരം ലഭിച്ച പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സംവാദങ്ങളില്‍ മികച്ച ഭരണാധികാരിയുടേയും, ശക്തമായ നേതൃപാടവത്തിന്റേയും പ്രതീകമായി ഉജ്വല പ്രകടനമാണ് ഹിലരി നടത്തിയത്. ട്രമ്പിനേക്കാള്‍ വലിയ മാര്‍ജിനില്‍ മുന്നില്‍ നിന്ന ഹിലരി ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വ്വെകളില്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നതായി കാണുന്നു. എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമി ഇമെയില്‍ വിവാദത്തില്‍ പുനരന്വേഷണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ഹിലരിക്ക് ദോഷമായി എന്ന് സര്‍വ്വെ ഫലം കാണിക്കുന്നു എന്നാണ് ട്രമ്പിന്റെ പ്രചാരണം. ഏതായാലും സര്‍വ്വെ ഫലത്തിലും ഹിലരി തന്നെയാണ് മുന്നില്‍.

എട്ടുവര്‍ഷം മുമ്പ് തകര്‍ച്ചയുടെ വക്കിലായിരുന്ന അമേരിക്കയുടെ പ്രസിഡന്റായി ബറാക്ക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. സാമ്പത്തിക രംഗവും തൊഴില്‍ മേഖലയും വളര്‍ച്ച നേടി. ഇന്‍ഷ്വറന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഒബാമ കെയര്‍ കൊണ്ടുണ്ടായത്. വിദേശ നയരൂപീകരണത്തിലും, ഭരണ പരിചയത്തിലും നിപുണയായ ഹിലരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെടേണ്ടത് അമേരിക്കയുടെ യശസ് ഉയര്‍ന്നു നില്‍ക്കുന്നതിനും, ജാതി മത വിദ്വേഷത്തിനും വിവേചനത്തിനും എതിരായും, സര്‍വ്വോപരി മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഒരു രാജ്യമായി എന്നത്തേയും പോലെ വരും നാളുകളിലും നിലനില്‍ക്കുന്നതില്‍ കരുത്തുറ്റ നേതൃത്വം നല്‍കുന്ന ഹിലരി ക്ലിന്റണ്‍ നമ്മുടെ അടുത്ത പ്രസിഡന്റാവട്ടെ അമേരിക്കന്‍ ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡന്റ്. ആശംസകള്‍ നേരുന്നു.
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്.