ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തിന് യാത്രയയപ്പ് നല്‍കി

08:01 pm 5/11/2016

– ബെന്നി പരിമണം
Newsimg1_73452811
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ കൗണ്‍സില്‍ അംഗമായിരുന്ന ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തിനും കുടുംബത്തിനും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 32 വര്‍ഷമായി എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഷെവ. ചെറിയാന്‍ വേങ്കടത്ത് കേരളത്തിലേക്ക് സ്ഥിരതാമസത്തിനായി പോകുന്ന വേളിയിലാണ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കിയത്. ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ആദരസൂചകമായി ചെറിയാന്‍ വേങ്കടത്തിന് ഫലകംനല്‍കി.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, വൈസ് പ്രസിഡന്റ് റവ.ഫാ. ബാബു മഠത്തിപറമ്പില്‍, സെക്രട്ടറി ബെഞ്ചമിന്‍ തോമസ്, ജോ. സെക്രട്ടറി ആന്റോ കവലയ്ക്കല്‍, ട്രഷറര്‍ മാത്യു മാപ്ലേട്ട്, റവ.ഫാ. ലിജു പോള്‍, ജോര്‍ജ് പണിക്കര്‍, മാത്യു കരോട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ജോയിച്ചന്‍ പുതുക്കുളം, ബെന്നി പരിമണം, ജോണ്‍ ഇലക്കാട്ട്, ജയിംസ് പുത്തന്‍പുരയില്‍, റവ.ഫാ. മാത്യൂസ് ജോര്‍ജ്, റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്, ജേക്കബ് ചാക്കോ എന്നിവര്‍ യാത്രാമംഗളങ്ങള്‍ ഏകി സംസാരിച്ചു.

തുടര്‍ന്ന് ഷെവ. ചെറിയാന്‍ വേങ്കടത്ത് മൂന്നു പതിറ്റാണ്ടുകാലം കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുകയും, കൗണ്‍സിലില്‍ നിന്നും ലഭിച്ച എല്ലാ കൈത്താങ്ങലുകള്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ആത്മാര്‍ത്ഥതയോടും, ഉത്തരവാദിത്വത്തോടും, കഠിനാധ്വാനത്തോടുംകൂടി കൗണ്‍സില്‍ ഏല്‍പിക്കുന്ന ഏതു പരിപാടിയും വിജയത്തിലെത്തിക്കുവാന്‍ ശ്രമിച്ചിരുന്ന ചെറിയാന്‍ വേങ്കടത്ത് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് ഒരു മുതല്‍ക്കൂട്ടായിരുന്നുവെന്ന് കൗണ്‍സില്‍ സ്മരിക്കുകയും ഭാവി ജീവിതത്തിന് എല്ലാ മംഗങ്ങളും, പ്രാര്‍ത്ഥനകളും, ആശംസകളും നേരുകയും ചെയ്തു. യാത്രയയപ്പ് ചടങ്ങില്‍ ഷെവ. ചെറിയാന്‍ വേങ്കടത്തിന്റെ പത്‌നി എല്‍സി വേങ്കടത്തും സംബന്ധിച്ചു. ബെന്നി പരിമണം അറിയിച്ചതാണിത്.