വലിയ ഇടയന്റെ ആശ്വാസമെത്തി, കടവില്‍ കുടുംബാംഗങ്ങള്‍ക്ക് ധന്യമുഹൂര്‍ത്തം

11:07 am 31/1/2017

– ബിജു ചെറിയാന്‍
Newsimg1_25221568
ബാള്‍ട്ടിമോര്‍: ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ബാള്‍ട്ടിമോറില്‍ ദിവംഗതയായ ഡോ. ആനി കടവിലിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട് വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയ്ക്ക് അയച്ച സന്ദേശം ജീവിതത്തിന്റെ അമൂല്യ അനുഭവവും, പരേതയ്ക്ക് മരണാനന്തര ജീവിതത്തില്‍ ലഭ്യമായ ബഹുമതിയായി കണക്കാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സഭയിലെ ഒരു ശുശ്രൂഷകനായി ഏറെക്കാലം പ്രവര്‍ത്തിച്ച തന്നോടും, കുടുംബത്തോടും ബാവാ തിരുമനസ്സുകാട്ടിയ വലിയ കാരുണ്യത്തില്‍ ഏറെ കൃതാര്‍ത്ഥരാണ് തങ്ങളെന്ന് കോര്‍എപ്പിസ്‌കോപ്പ അനുസ്മരിച്ചു. നമ്മുടെ കര്‍ത്താവിന്റെ വിശ്വസ്ത ദാസിയായി ഇഹലോകത്തില്‍ ജീവിച്ച് സഹജീവികളോട് കാരുണ്യം ചൊരിയുന്നതില്‍ മാതൃകകാട്ടിയ മഹദ് വ്യക്തിത്വമായിരുന്നു ഡോ. ആനി കടവില്‍ എന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ തന്റെ സന്ദേശത്തില്‍ പ്രസ്താവിച്ചു. പരേതയെക്കുറിച്ച് തനിക്ക് നല്ല സ്മരണകള്‍ ഉള്ളതായും ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും ബാവ അറിയിച്ചു.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ ഈസ്റ്റേണ്‍ ആര്‍ച്ച് ഡയോസിസ് അധിപനായി അമേരിക്കയില്‍ എത്തിയ കാലം മുതല്‍ ബാവ തിരുമനസ്സുമായി ഊഷ്മള സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കടവിലച്ചനും കുടുംബവും പാത്രിയര്‍ക്കീസ് ബാവയായി അഭിഷേകം ചെയ്യപ്പെട്ട് ആദ്യമായി അമേരിക്കയില്‍ എത്തിയപ്പോള്‍ തന്നെ പ്രായാധിക്യവും അനാരോഗ്യവും യാത്രാക്ലേശവും വകവെയ്ക്കാതെ ന്യൂജേഴ്‌സിയിലെ ടീനെക്കിലുള്ള സെന്റ് മാര്‍ക്ക്‌സ് കത്തീഡ്രലില്‍ എത്തി തൃക്കരംമുത്തി അനുമോദനം അറിയിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഭയെ നയിക്കുവാന്‍ ദൈവം ഉയര്‍ത്തിയ ഇടയശ്രേഷ്ഠനാണ് അപ്രേം ദ്വീതീയന്‍ ബാവ എന്ന് കടവില്‍ കോര്‍എപ്പിസ്‌കോപ്പ അനുസ്മരിച്ചു.

മേരിലാന്റിലെ ഇല്ലിക്കോട്ട് സിറ്റി റിഡറക്ഷന്‍ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ട ഡോ. ആനി കടവിലിന്റെ സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത് ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയായിരുന്നു. ഉടമ്പടിയുടെ പുത്രി എന്നര്‍ത്ഥമുള്ള “ബസ്ക്കിമോ’ എന്ന വാക്ക് അന്വര്‍ത്ഥമാക്കിക്കൊണ്ട് ലൗകീക നേട്ടങ്ങള്‍ ത്യജിച്ച് ദൈവ ശുശ്രൂഷയില്‍ പങ്കാളിയാകാന്‍ വൈദീകന്റെ ഭാര്യയായിത്തീര്‍ന്ന സ്ത്രീ രത്‌നമായിരുന്നു ഡോ. ആനി കടവില്‍ എന്നും, ഹോമിയോ ഡോക്ടറായി സാധുക്കള്‍ക്കായി ആതുരശുശ്രൂഷ ചെയ്ത മികച്ച സാമൂഹ്യ പ്രവര്‍ത്തകയായിരുന്നുവെന്നും മെത്രാപ്പോലീത്ത തന്റെ ചരമ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. മരണാനന്തരമുള്ള ജീവിതത്തെ മുന്നില്‍കണ്ടുകൊണ്ട് ജീവിക്കുവാന്‍ നാം എന്നും സന്നദ്ധരാകണം, സ്‌പെയിന്‍ കടല്‍ത്തീരത്ത് “No More Beyond This’ എന്ന ബോര്‍ഡ് കണ്ട് നിരാശനാകാതെ തുടര്‍യാത്ര ചെയ്ത് അമേരിക്കയില്‍ എത്തിയ ക്രിസ്റ്റഫര്‍ കൊളംബര്‍ ‘More Beyond This’ എന്ന് ബോര്‍ഡ് തിരിച്ചെഴുതിയ സംഭവം ഉദ്ധരിച്ചുകൊണ്ട് മരണത്തിലൂടെ നമുക്കുണ്ടാകേണ്ട പ്രത്യാശയെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് മോര്‍ സില്‍വാനോസ് വിശദീകരിക്കുകയുണ്ടായി. സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. പുത്രന്‍ ഡോ. ജോണ്‍ കടവില്‍ നന്ദി പ്രകാശിപ്പിച്ചു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.