വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടികൂടി

01.52 AM 07-09-2016
cigar_760x400
ദുബൈയില്‍ നിന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കള്ളക്കടത്തായി കൊണ്ടുവന്ന രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. 6560 കാര്‍ട്ടലുകളിലായി സൂക്ഷിച്ചിരുന്ന 65,600 പാക്കറ്റ് ‘ഗുഡാങ് ഗരം’ എന്ന ബ്രാന്‍ഡ് സിഗരറ്റുകളാണ് പിടികൂടിയത്. പാക്കറ്റില്‍ 20 സിഗരറ്റ് വീതം മൊത്തം 13.12 ലക്ഷം സിഗരറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 2.20 കോടി രൂപ വിലവരും.
ഞായറാഴ്ച രാത്രി കൊച്ചിയിലെത്തിയ ചരക്കുകപ്പലില്‍ കള്ളക്കടത്ത് സാധനങ്ങളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ എത്തി കണ്ടെയ്‌നറുകള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ മുതല്‍ വല്ലാര്‍പാടത്തെ എം എല്‍ ബി ലോജിസ്റ്റിക്‌സ് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനില്‍ വെച്ചാണ് കണ്ടെയ്‌നര്‍ തുറന്നു പരിശോധിച്ചത്. ജിപ്‌സം ബോര്‍ഡുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റുകള്‍. നാലു ഭാഗത്തും മുകളിലും ജിപ്‌സം ബോര്‍ഡ് അടുക്കിവെച്ച് നടുക്ക് സിഗരറ്റ് കാര്‍ട്ടലുകള്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. കണ്ടെയ്‌നറിനുള്ളില്‍ എട്ടിടത്തായി 820 കാര്‍ട്ടലുകള്‍ വീതമാണ് ഇത്തരത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്നത്.
ദേവാ ഇംപെക്‌സ് എന്ന സ്ഥാപനത്തിന് വേണ്ടിയാണ് സിഗരറ്റ് കടത്തിക്കൊണ്ടുവന്നത്. ഡി ആര്‍ ഐ കണ്ടെയ്‌നര്‍ കസ്റ്റഡിയിലെടുത്തതോടെ ഏജന്റുമാര്‍ മുങ്ങി. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നും ഉടന്‍ ഇവര്‍ പിടിയിലാകുമെന്നും ഡി ആര്‍ ഐ വൃത്തങ്ങള്‍ പറഞ്ഞു.
ഉപയോഗിക്കുന്നവരെ അടിമപ്പെടുത്തുന്ന മസാല ഗന്ധവും രുചിയുമുള്ള ഗുഡാങ്ഗരം സിഗരറ്റുകള്‍ക്ക് മുംബൈ പോലുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലും ബെംഗളൂരുവിലുമാണ് വലിയ മാര്‍ക്കറ്റുള്ളത്. കേരളത്തില്‍ ഈ ബ്രാന്‍ഡിന് പ്രചാരമില്ല. അമേരിക്ക പോലുള്ള ചില രാജ്യങ്ങള്‍ ഈ സിഗരറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 പാക്കറ്റ് ഗുഡാങ് ഗരം സിഗരറ്റിന്റെ ഒരു കാര്‍ട്ടലിന് 3500 രൂപയാണ് വില. ഇന്തോനേഷ്യയില്‍ നിന്നാണ് ഗുഡാങ് ഗരം സിഗരറ്റ് ദുബൈ വഴി കൊച്ചി അടക്കമുള്ള തുറമുഖങ്ങളിലും ഇവിടെ നിന്ന് ഉത്തരേന്ത്യയിലും എത്തുന്നത്. സിഗരറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് 150 ശതമാനം ഡ്യൂട്ടിയടക്കേണ്ടതുണ്ട്. ഭീമമായ നികുതി ഒഴിവാക്കുന്നതിനാണ് വ്യാപാരികള്‍ കള്ളക്കടത്തിലേക്ക് തിരിയുന്നത്.