ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങളിൽ വൈകാതെ വൈ–ഫൈ സേവനം ലഭ്യമാകും. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന് ഇത് സംബന്ധിച്ച ശുപാർശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികൾക്ക് നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. ഇൗ സംവിധാനം ലഭ്യമാക്കണമെങ്കിൽ 1885ലെ ടെലഗ്രാഫ് ആക്ടിലും അതുമായി ബന്ധപ്പെട്ടുള്ള ടെലിഗ്രാഫ് നിയമത്തിലും മാറ്റം വരുത്തേണ്ടി വരും. ഇത്തരത്തിൽ വൈ–ഫൈ സേവനത്തോടൊപ്പം തന്നെ വോയ്സ്, ഡാറ്റ, വിഡിയോ സേവനങ്ങളും ഇതിനൊപ്പം നൽകാൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന.
സിവിൽ എവിയേഷൻ വകുപ്പ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ലോകത്തിലെ പല വിമാന കമ്പനികളും ഇപ്പോൾ വൈ–ഫൈ സേവനം യാത്രക്കാർക്കായി നൽകുന്നുണ്ട്. എന്നാൽ ഇവരൊന്നും തന്നെ ഇന്ത്യയിൽ സേവനം ലഭ്യമാക്കുന്നില്ല.