വിശ്വസ്തസേവനത്തിനു അനില്‍പിള്ളയ്ക്ക് വീണ്ടും അംഗീകാരം

– സതീശന്‍ നായര്‍
01:38pm 10/7/2016
Newsimg1_36362870
ചിക്കാഗോ: കഴിഞ്ഞ നാലു പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന അനില്‍കുമാര്‍ പിള്ള പതിനഞ്ചു വര്‍ഷക്കാലമായി സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണറാണ്. അദ്ദേഹത്തെ സ്തുത്യര്‍ഹമായ സേവനത്തെ സ്‌കോക്കി വില്ലേജ് മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസന്‍ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം വീണ്ടും അദ്ദേഹത്തെ കമ്മീഷണറായി കാലാവധി നീട്ടുകയും ചെയ്തു.

അമേരിക്കയിലെ വിവിധ സാംസ്കാരിക-സാമൂഹിക- മത സംഘടനകളിലൂടെയും അദ്ദേഹത്തിന്റെ സാമൂഹിക സേവനം ഇതിനോടകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഗീതാമണ്ഡലം, ഏഷ്യന്‍ അമേരിക്കന്‍ കോ അലിഷന്‍, മിഡ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്ന അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ സാമൂഹിക നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്. സാമൂഹ്യ-സാംസ്കാരിക-മത സംഘടനകള്‍ക്കും, സമൂഹത്തിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം അമേരിക്കയിലും ഇന്ത്യയിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.